ചെന്നൈ : സ്വാർഥതാത്പര്യമില്ലാതെ രാജ്യത്തിനായി ചിന്തിക്കുന്ന ആരുമായും ലോക്സഭാ തിരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കാൻ തയ്യാറാണെന്ന് മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ.
രാജ്യത്തിനു വേണ്ടി കക്ഷിരാഷ്ട്രീയം മറക്കുമെന്നും എന്നാൽ, ഫ്യൂഡൽ മനോഭാവം കാട്ടുന്ന പാർട്ടികളുമായി കൈകോർക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മക്കൾ നീതി മയ്യം വാർഷികാഘോഷ പരിപാടികൾക്ക് ശേഷം പ്രതികരിക്കുകയായിരുന്നു കമൽ.
തമിഴ്നാട്ടിൽ ഡി.എം.കെ.യുടെ നേതൃത്വത്തിലുള്ള ‘ഇന്ത്യ’ സഖ്യത്തിൽ മക്കൾ നീതി മയ്യം ചേരുമെന്ന റിപ്പോർട്ടുകളുണ്ട്.
എന്നാൽ, ഇത് സ്ഥിരീകരിക്കാൻ തയ്യാറാകാതിരുന്ന കമൽ, ചർച്ചകൾ നടക്കുന്നുണ്ടെന്നും നല്ല വാർത്തയുണ്ടാക്കാൻ സമയമെടുക്കുമെന്നും പ്രതികരിച്ചു.
ഭാവിയിൽ വിജയ്യുമായി കൈകോർക്കാൻ തയ്യാറാണെന്ന സൂചനയും നൽകി.
രാഷ്ട്രീയത്തിലിറങ്ങുന്നതിന് വിജയ്യെ നിർബന്ധിച്ചത് താനാണെന്ന് കമൽ പറഞ്ഞു.
ഡി.എം.കെ.യ്ക്കും അണ്ണാ ഡി.എം.കെയ്ക്കും ബദൽ എന്ന നിലയിലായിരുന്നു ആറുവർഷം മുമ്പ് കമൽ മക്കൾ നീതി മയ്യം ആരംഭിച്ചത്.
കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തനിച്ച് മത്സരിച്ചെങ്കിലും കാര്യമായ ചലനമുണ്ടാക്കാൻ സാധിച്ചില്ല.
ഈ സാഹചര്യത്തിലാണ് ‘ഇന്ത്യ’ സഖ്യത്തിൽ ചേരാനുള്ള നീക്കം തുടങ്ങിയത്. ഡി.എം.കെ.യോട് എതിർപ്പുണ്ടെങ്കിലും കോൺഗ്രസുമായി പുലർത്തുന്ന അടുപ്പമാണ് കമലിനെ ഇതിന് പ്രേരിപ്പിച്ചത്.
കഴിഞ്ഞവർഷം നടന്ന ഈറോഡ് ഉപതിരഞ്ഞെടുപ്പിൽ ഡി.എം.കെ. സഖ്യത്തിൽ മത്സരിച്ച കോൺഗ്രസിനായി കമൽഹാസൻ പ്രചാരണം നടത്തിയിരുന്നു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ആദ്യഘട്ടത്തിൽ പങ്കെടുത്തിരുന്നു.
ഡി.എം.കെ. സഖ്യത്തിൽ കോൺഗ്രസിന് അനുവദിക്കുന്ന സീറ്റുകളിൽ ഒന്നിൽ കമലിനെ മത്സരിപ്പിക്കാനാണ് സാധ്യത.