ചെന്നൈ : വിദ്യാർഥിനികൾക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ ഫലപ്രദമായും വേഗത്തിലും കൈകാര്യം ചെയ്യാത്തതിന് കലാക്ഷേത്ര ഫൗണ്ടേഷനെ രൂക്ഷമായി വിമരശിച്ച് മദ്രാസ് ഹൈക്കോടതി.
ഇത്തരം കാര്യങ്ങളിൽ വിമുഖത കാട്ടുന്നത് സ്ഥാപനത്തെ നാശത്തിലേക്കു നയിക്കുമെന്നും കോടതി താക്കീതുനൽകി.
കലാക്ഷേത്രയിൽ നടന്ന ലൈംഗികാതിക്രമ പരാതികളിൽ മുൻ പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ജഡ്ജി കെ.കണ്ണന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര സമിതി നടത്തിയ അന്വേഷണത്തിനുശേഷം നൽകിയ ശുപാർശകൾ ഉടൻ പരിഗണിക്കാനും കോടതി ഉത്തരവിട്ടു.
വിദ്യാർഥിനികൾ ഉയർത്തിയ ആരോപണങ്ങങ്ങൾ അരോചകവും അങ്ങേയറ്റം അസ്വസ്ഥതയുളവാക്കുന്നതുമാണ്. സ്ഥാപനത്തിന്റെ പ്രവർത്തനം നല്ല നിലയിലാക്കാൻ അന്വേഷണ സമിതി ഒരു കൂട്ടം ശുപാർശകൾ നൽകി.
ഇതിൽ ചിലതിൽ കലാക്ഷേത്ര മാനേജ്മെന്റ് അടിയന്തര നടപടിയെടുക്കണം. അധ്യാപകരുടെ ക്വാർട്ടേഴ്സിലേക്ക് വിദ്യാർഥിനികളുടെ പ്രവേശനം നിരോധിക്കണമെന്ന് സമിതി ശുപാർശ ചെയ്തിട്ടുണ്ട്.
സ്ഥാപനം ഊന്നൽ നൽകേണ്ടത് കലാപഠനത്തിന്റെ പൂർണതയ്ക്കും വേണ്ടി മാത്രമായിരിക്കണമെന്നും ശുപാർശയിൽ പറയുന്നു.
കലാക്ഷേത്ര ഫൗണ്ടേഷൻ നടത്തുന്ന രുക്മിണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്സിലെ അധ്യാപക, അനധ്യാപക ജീവനക്കാർ സ്വന്തമായി നൃത്ത-സംഗീത സ്കൂളുകൾ നടത്തുന്നത് അനുവദിക്കരുതെന്നും സമിതി ശുപാർശ ചെയ്യുന്നുണ്ട് -കോടതി ചൂണ്ടിക്കാട്ടി.