ചെന്നൈ : ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനെത്തുടർന്ന് കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന മദ്രാസ് സർവകലാശാലയിലെ ജിവനക്കാരുടെ ശമ്പളം മുടങ്ങാൻ സാധ്യത.
മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിൽനിന്ന് 12.5 കോടിരൂപ ആദായനികുതി വകുപ്പ് വെട്ടിക്കുറച്ചതോടെയാണ് ഫണ്ടിന് വൻക്ഷാമമുണ്ടായത്.
സംസ്ഥാന സർക്കാരിന്റെ സഹായധനം ലഭിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി.
അധ്യാപകർക്കും മറ്റുജീവനക്കാർക്കും ഈ മാസാവസാനം ശമ്പളം നൽകാനാവുമോ എന്ന കടുത്ത ആശങ്കയിലാണെന്ന് സർവകലാശാല ജോയന്റ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
സർവകലാശാലയിലെ താത്കാലിക ജീവനക്കാർക്ക് മൂന്ന് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്നാണ് അറിയുന്നത്.
ഹോസ്റ്റലുകളുടെ പ്രവർത്തനം പ്രതിസന്ധിയിലായതോടെ വിദ്യാർഥികളും പ്രയാസം നേരിടുന്നു.
സർവകലാശാലയുടെ 50- ഓളം ബാങ്ക് അക്കൗണ്ടുകളാണ് ആദായനികുതിവകുപ്പ് രണ്ടാഴ്ച മുമ്പ് മരവിപ്പിച്ചത്. പ്രതിമാസം 20 കോടിരൂപയാണ് സർവകലാശാലയുടെ ചെലവ്.
ഇതിൽ 16 കോടിയോളംരൂപ ശമ്പളത്തിനും പെൻഷനുമായി പോകുന്നു. ആറുമാസമായി സർവകലാശാലയ്ക്ക് വൈസ് ചാൻസലറില്ല. നിലവിൽ ഉന്നത വിദ്യാഭ്യാസസെക്രട്ടറി എ. കാർത്തിക് ചെയർമാനായുള്ള നാലംഗ സമിതിയാണ് സർവകലാശാലയെ നയിക്കുന്നത്.
ഓഡിറ്റിങ്ങിൽ നികുതിരേഖകളിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് സർവകലാശാലയുടെ ബാങ്ക് അക്കൗണ്ടുകൾ ആദായനികുതിവകുപ്പ് മരവിപ്പിച്ചത്.
ബാങ്ക് അക്കൗണ്ടുകളിൽ 424 കോടിയിലധികംരൂപയാണ് ഉണ്ടായിരുന്നത്. 2018 മുതൽ സംസ്ഥാനസർക്കാർ ഫണ്ട് അനുവദിക്കാത്തതും പ്രശ്നം സങ്കീർണമാക്കി.
സർവകലാശാലയുടെ മൊത്തം ഫണ്ടിന്റെ 50 ശതമാനത്തിൽ കൂടുതൽ സർക്കാരിൽനിന്ന് ലഭിച്ചാൽ മാത്രമേ സർക്കാർസ്ഥാപനമായി കണക്കാക്കൂ എന്നാണ് നിയമം.
എന്നാൽ, 2018 മുതൽ സർക്കാർ ഫണ്ട് അനുവദിക്കാത്തതിനാൽ സ്വകാര്യസ്ഥാപനങ്ങൾക്കു നേരേയുള്ള നടപടികളാണ് സ്വികരിക്കുന്നത്.
അതിനാലാണ് 400 കോടിയിലധികംരൂപ നികുതിയും പിഴയും അടയ്ക്കാൻ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടത്.