ചെന്നൈ : നാലുമാസം മുൻപ് വിവാഹിതനായ യുവാവിനെ വധുവിന്റെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് വെട്ടിക്കൊന്നു.
ചെന്നൈ നഗരത്തിൽ പള്ളിക്കരണയിലാണ് ശനിയാഴ്ച രാത്രി ദുരഭിമാനക്കൊല നടന്നത്.
മെക്കാനിക്കായി ജോലി നോക്കുന്ന പള്ളിക്കരണ അംബേദ്കർ സ്ട്രീറ്റിൽ പ്രവീണാ(26)ണ് കൊല്ലപ്പെട്ടത്. ഭാര്യ ശർമിയുടെ സഹോദരൻ ദിനേശും കൂട്ടാളികളായ സ്റ്റീഫൻ കുമാർ, വിഷ്ണു രാജ്, ജ്യോതി ലിംഗം, ശ്രീറാം എന്നിവരാണ് അറസ്റ്റിലായത്.
വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഇതരജാതിയിൽപ്പെട്ടയാളോടൊപ്പം പോയതാണ് യുവതിയുടെ ബന്ധുക്കളെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
പള്ളിക്കരണയിലെ ടാസ്മാക് ബാറിൽ നിന്നിറങ്ങിയ പ്രവീണിനെ പുറത്തുകാത്തുനിന്ന സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. നാട്ടുകാർ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു.
ചെന്നൈ പോലീസിന്റെ പ്രത്യേകാന്വേഷണ സംഘം മണിക്കൂറുകൾക്കകം അഞ്ചു പ്രതികളെയും അറസ്റ്റു ചെയ്തു.
സായ്ഗണേഷ് നഗർ നിവാസിയായ ശർമിയെ കഴിഞ്ഞവർഷം നവംബറിലാണ് പ്രവീൺ വിവാഹം കഴിച്ചത്. ശർമിയുടെ വീട്ടുകാർ എതിർത്തെങ്കിലും പ്രവീണിന്റെ കുടുംബം വിവാഹത്തെ അനുകൂലിച്ചു.
വിവാഹശേഷം ഇരുവരും വാടകവീട്ടിലാണ് കഴിഞ്ഞത്. നേരത്തേ ഒരു കൊലക്കേസിൽ പ്രതിയായിരുന്നു പ്രവീണെന്ന് പോലീസ് അറിയിച്ചു.