ചെന്നൈ : രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച തമിഴ്നാട്ടിലെത്തും.
ഒട്ടേറെ വികസനപദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുന്ന അദ്ദേഹം ബി.ജെ.പി.യുടെ രാഷ്ട്രീയ പരിപാടികളിലും പങ്കെടുക്കും.
ചൊവ്വാഴ്ച വൈകീട്ട് തിരുവനന്തപുരത്തുനിന്ന് കോയമ്പത്തൂരിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററിൽ സുലൂർ എയർബെയ്സിലെത്തും.
റോഡുമാർഗം തിരുപ്പൂരിലെത്തി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ‘എൻ മണ്ണ് എൻ മക്കൾ’ പദയാത്രയുടെ സമാപനച്ചടങ്ങിൽ സംബന്ധിക്കും.
ബി.ജെ.പിയുടെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കംകുറിച്ചുള്ള ബഹുജനറാലിയിൽ അദ്ദേഹം പ്രസംഗിക്കും.
തിരിച്ച് തിരുവനന്തപുരത്തേക്ക് പോകുന്ന അദ്ദേഹം ബുധനാഴ്ച ഹെലികോപ്റ്ററിൽ തൂത്തുക്കുടിയിലെത്തും. തൂത്തുക്കുടിയിൽ വിവിധ വികസനപദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിക്കും.
വി.ഒ. ചിദംബരനാർ തുറമുഖത്തിന്റെ ഔട്ടർ ഹാർബർ കണ്ടെയ്നർ ടെർമിനലിന് അദ്ദേഹം തറക്കല്ലിടും. കടൽവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള പദ്ധതിയും ഹൈഡ്രജൻ നിർമാണശാലയും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ഹൈഡ്രജൻ സെൽ ഇന്ധനമായി പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ നൗകയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും.
ഹരിത നൗക പദ്ധതിയുടെ ഭാഗമായാണിത്. 10 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ലൈറ്റ് ഹൗസുകളിലെ വിനോദസഞ്ചാര പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും.
റെയിൽവേ, റോഡ് വികസന പദ്ധതികളും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. തിരുനൽവേലിയിൽ ബി.ജെ.പി. പൊതുസമ്മേളനത്തിൽ പങ്കെടുത്തശേഷം അദ്ദേഹം മഹാരാഷ്ട്രയിലേക്കുപോകും.