ബംഗളൂരു : സംസ്ഥാനത്ത് ദേശീയ വിദ്യാഭ്യാസ നയം (എൻ.ഐ.പി.) മാറ്റിവെക്കാൻ തീരുമാനിച്ചെന്നും പകരം സംസ്ഥാന വിദ്യാഭ്യാസം ഉടൻ തീരുമാനിക്കുമെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു.
സംസ്ഥാന വൈസ് ചാൻസലർമാരുമായും പ്രൈമറി, ഉന്നത വിദ്യാഭ്യാസ മന്ത്രിമാരുമായും മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിവകുമാറും നടത്തിയ യോഗത്തിനുശേഷമാണ് ഇക്കാര്യം അറിയിച്ചത്.
സർക്കാരും ബന്ധപ്പെട്ട രണ്ടു മന്ത്രിമാരും ഉടൻ പുതിയ വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ച് തീരുമാനിക്കും.
വിദ്യാഭ്യാസം സംസ്ഥാന വിഷയമാണ്. അതിനാൽ പുതിയ വിദ്യാഭ്യാസസംവിധാനം നടപ്പാക്കുമെന്നും കമ്മിറ്റി രൂപവത്കരിക്കുമെന്നും ശിവകുമാർ പറഞ്ഞു.
2021 ഓഗസ്റ്റിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയ ആദ്യ സംസ്ഥാനമായിരുന്നു കർണാടക.
എന്നാൽ, ബി.ജെ.പി. ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളൊന്നും ഇതിനോട് താത്പര്യം കാണിച്ചില്ല.
എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചതിന് ശേഷമാണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.