തിയറ്ററുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയെടുത്ത ചിത്രമാണ് യുവതാരങ്ങളായ നസ്ലെനും മമിത ബൈജവും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ പ്രേമലു.
ആഗോള ബോക്സ്ഓഫീസില്‍ 70 കോടിയില്‍ അധികം രൂപയാണ് ഇതുവരെ മലയാളം റൊമാന്റിക് കോമഡി ചിത്രം നേടിയെടുത്തിട്ടുള്ളത്.
ഫെബ്രുവരി 9ന് തിയറ്ററുകളില്‍ എത്തിയ ചിത്രം ഇപ്പോള്‍ മൂന്നാഴ്ച പിന്നിടുകയാണ്.
ഇനി ഇപ്പോള്‍ പ്രേമലുവിന്റെ ഒടിടി റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.
റിപ്പീറ്റ് വാല്യൂ ഉള്ള സിനിമ ആയതിനാല്‍ ചിത്രം ഒടിടിയില്‍ കാണാൻ നിരവധി പ്രേക്ഷകരാണ് കാത്തിരിക്കുന്നത്.
അതേസമയം പ്രേമലുവിന്റെ ഒടിടി അവകാശം ഏത് പ്ലാറ്റ്ഫോമിനാണ് ലഭിച്ചതില്‍ വ്യക്തതയില്ല.
ഏതാനും ചില മാധ്യമങ്ങള്‍ ചിത്രത്തിന്റെ ഒടിടി അവകാശം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് ലഭിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാല്‍ പ്രേമലുവിന്റെ നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് ഇക്കാര്യം തള്ളിക്കളയുകയാണ്.
നിലവില്‍ പ്രേമലുവിന്റെ ഒടിടി അവകാശത്തിന് ഒരു പ്ലാറ്റ്ഫോമുമായി സംസാരിച്ചിട്ടില്ല, തിയറ്ററുകളില്‍ പ്രദർശനം പൂർത്തിയായതിന് ശേഷമെ അത്തരം ഡീലുകളിലേക്ക് പോകൂ എന്നാണ് ഭാവന സ്റ്റുഡിയോസ് അറിയിച്ചിരിക്കുന്നതെന്ന് റിപ്പോർട്ട്.