ചെന്നൈ: ഭിന്നശേഷിക്കാരായ ദളിത് വിദ്യാർഥികളെക്കൊണ്ട് സ്കൂളിലെ ശൗചാലയം വൃത്തിയാക്കിച്ച അധ്യാപകൻ അറസ്റ്റിൽ.
വിരുദുനഗർ ജില്ലയിലെ ശിവകാശിക്കുസമീപം സച്ചിയാപുരത്തുള്ള സി.എസ്.ഐ. സ്കൂൾ ഫോർ ഇന്റലക്വാലി ഡിസേബിൾ സ്കൂളിലെ അധ്യാപകൻ ഇമ്മാനുവലാണ് അറസ്റ്റിലായത്.
മാനസികവെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന ഈ സ്കൂളിലെ മൂന്ന് ദളിത് വിദ്യാർത്ഥികളെക്കൊണ്ടാണ് ഇയാൾ ശൗചാലയം വൃത്തിയാക്കിയത്.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.
അഞ്ച്, ആറ്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾ ശൗചാലയം വൃത്തിയാക്കുന്ന വീഡിയോ അധ്യാപകൻ തന്നെ ചിത്രീകരിക്കുകയായിരുന്നു. പിന്നീട് ഇയാൾതന്നെ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുചെയ്തു.
സ്കൂളിനെ മോശമായി ചിത്രീകരിക്കാൻ വേണ്ടിയാണ് ഇമ്മാനുവൽ ഇത് ചെയ്തതെന്ന് പറയുന്നത്.
ഇയാളെ മറികടന്ന് സഹ അധ്യാപകരിൽ ഒരാൾക്ക് സ്ഥാനക്കയറ്റം നൽകിയതിന്റെ വിരോധം തീർക്കുകയായിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സ്കൂളധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു.
വിദ്യാഭ്യാസ വകുപ്പും അന്വേഷണം തുടങ്ങി. പട്ടികജാതി-വർഗ വിഭാഗക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ തടയൽ നിയമം, ഭിന്നശേഷിനിയമം തുടങ്ങിയ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.