വിവാദങ്ങൾക്കിടെ തൃശ്ശൂർ ലൂർദ് പള്ളിയിൽ സുരേഷ് ഗോപി സമര്‍പ്പിച്ച കിരീടത്തിലെ സ്വർണ്ണത്തിൻെറ അളവ് പരിശോധിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു.
പള്ളി വികാരിയേയും, ട്രസ്റ്റിയേയും, കൈകാരന്മാരേയും ചേര്‍ത്താണ് കമ്മിറ്റി രൂപീകരിച്ചത്.
ഇന്നലെ ചേര്‍ന്ന ഇടവക പ്രതിനിധി യോഗത്തിൽ സ്വർണ്ണത്തിൻെറ അളവ് പരിശോധിക്കണമെന്ന ആവശ്യമുയർന്നതിനെ തുടര്‍ന്നാണ് നടപടി.
ജനുവരി 15നാണ് സുരേഷ് ഗോപി തൃശ്ശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ കുടുംബത്തോടൊപ്പം എത്തി മാതാവിന് കിരീടം സമര്‍പ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് കിരീടത്തെ ചൊല്ലി വിവാദമുയർന്നത്. 500 ഗ്രാമിലധികം ഭാരമുള്ള കിരീടം ചെമ്പില്‍ സ്വര്‍ണ്ണം പൂശിയാണ് നിര്‍മ്മിച്ചതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങിലുള്‍പ്പടെ വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു.
ഇതോടെ ഇടവക പ്രതിനിധി യോഗത്തിൽ ഒരു വിഭാഗം ഇക്കാര്യം ചൂണ്ടിക്കാട്ടി സത്യാവസ്ഥ അറിയണമെന്ന ആവശ്യവുമായി രംഗത്തെത്തി.
ഇതേത്തുടർന്നാണ് പരിശോധനയ്ക്കായി കമ്മിറ്റി രൂപീകരിച്ചത്. ഈ കമ്മിറ്റി കിരീടത്തിലെ സ്വർണ്ണത്തിൻെറ അളവ് ശാസ്ത്രീയമായി പരിശോധിക്കും.
ശേഷം വിഷയത്തില്‍ മറുപടി നൽകുമെന്ന് പള്ളിവികാരി യോഗത്തെ അറിയിച്ചതായി സ്ഥലം കൗൺസിലറും, ഇടവക പ്രതിനിധിയുമായ ലീല വർഗീസ് വ്യക്തമാക്കി.
കീരീടത്തിലെ സ്വര്‍ണ്ണത്തിന്റെ അളവ് കൃത്യമായി പരിശോധിച്ച് സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെങ്കില്‍ വരും കാല ഇടവക പ്രതിനിധികള്‍ കിരീടം പരിശോധിക്കുകയും ഇപ്പോഴത്തെ ട്രസ്റ്റിമാര്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്താൽ മറുപടി ഉണ്ടാകില്ലെന്നും ഒരു വിഭാഗം യോഗത്തില്‍ വ്യക്തമാക്കി. ഇത് കൂടി കണക്കിലെടുത്താണ് കിരീടം ശാസ്ത്രീയമായി പരിശോധിക്കാൻ ധാരണയായത്.