ബെംഗളൂരു : കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ പ്രദേശങ്ങളിലേക്കുള്ള അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് സംസ്ഥാനത്തെ ആരോഗ്യവകുപ്പ്.
ദിവസേന ഒട്ടേറെ മലയാളികൾ ഇരുസംസ്ഥാനങ്ങൾക്കുമിടയിൽ യാത്രചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാർ ഈ നിർദേശം നൽകിയത്.
കേരളവുമായി അതിർത്തിപങ്കിടുന്ന ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ചാമരാജ്നഗർ, മൈസൂരു, കുടക്, ദക്ഷിണകന്നഡ ജില്ലകളിലാണ് നിർദേശം നൽകിയത്.
അതിർത്തികളിൽ പനി നിരീക്ഷണത്തിനായി ചെക്പോസ്റ്റ് സ്ഥാപിക്കണമെന്നും നിപ വൈറസിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണമെന്നും സർക്കാർ നിർദേശിച്ചു.
ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകണം, രോഗസംശയമുള്ളവരെ ക്വാറന്റീനിലാക്കാൻ ജില്ലാ ആശുപത്രിയിൽ കുറഞ്ഞത് രണ്ടു കിടക്കകൾ മാറ്റിവെക്കണം, ആശുപത്രികളിൽ ആവശ്യത്തിന് മരുന്നും ഓക്സിജനും മറ്റ് അവശ്യവസ്തുക്കളും ഉറപ്പാക്കണം, എല്ലാ സ്വകാര്യ ആശുപത്രികളും നഴ്സിങ് ഹോമുകളും ക്ലിനിക്കുകളും രോഗസംശയമുള്ളവരുടെ വിവരങ്ങൾ ജില്ലാ കുടുംബാരോഗ്യ ക്ഷേമ ഉദ്യോഗസ്ഥനെ ഉടൻ അറിയിക്കണം, രോഗസംശയമുള്ളവരുടെ സാംപിൾ എത്രയുംവേഗമെടുത്ത് ബെംഗളൂരുവിലെ എൻ.ഐ.വി. വഴി പുണെ എൻ.ഐ.വി.യിലേക്ക് അയക്കണം തുടങ്ങിയവയാണ് മറ്റുനിർദേശങ്ങൾ.