ചെന്നൈ : ഗരീബ്രഥ് തീവണ്ടികളുടെ കോച്ചുകൾ തേഡ് എ.സി. ഇക്കോണമി കോച്ചുകളാക്കിമാറ്റാൻ റെയിൽവേബോർഡ് തീരുമാനം.ഘട്ടംഘട്ടമായാണ് തേഡ് എ.സി. ഇക്കോണമി കോച്ചുകളാക്കിമാറ്റുക.
നിലവിൽ ഗരീബ് രഥിൽ തേഡ് എ.സി. കോച്ചുകൾ മാത്രമാണുള്ളത്.ഗരീബ്രഥ് വണ്ടികളുടെ ബർത്തുകൾക്ക് സാധാരണ തീവണ്ടികളിലെ തേഡ് എ.സി. കോച്ചുകളിലേതിനെ അപക്ഷേിച്ച് ഒരു ഇഞ്ച് നീളംകുറവാണ്.അതുപോലെ ബർത്തുകൾക്ക് ഇടയിലുള്ള വീതിയും കുറവാണ്. അതിനാൽ പകൽസമയങ്ങളിൽ ബർത്തുകളിൽ ഇരിക്കുമ്പോൾ യാത്രക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്ന പരാതിയും ഉയർന്നിരുന്നു.തുടർന്നാണ് എ.സി.കോച്ചുകൾക്ക് പകരം തേഡ് എ.സി. ഇക്കോണമി കോച്ചുകളാക്കിമാറ്റാൻ തീരുമാനിച്ചത്.
രാജ്യത്ത് സർവീസ് നടത്തുന്ന 47 ഗരീബ്രഥ് തീവണ്ടികളുടെ കോച്ചുകൾ കോച്ച് ഫാക്ടറികളിലെ ഇക്കോണമി കോച്ചുകളുടെ ലഭ്യതയ്ക്ക് അനുസൃതമായി ഘട്ടംഘട്ടമായാണ് മാറ്റുക.
അതേസമയം കോച്ച് ഫാക്ടറികളിൽനിന്ന് ബോർഡിന്റെ തീരുമാനത്തിൽ എതിർപ്പും ഉയർന്നിട്ടുണ്ട്. ഇക്കോണമി കോച്ചുകളുടെ ബർത്തുകളും വേണ്ടത്ര സൗകര്യപ്രദമല്ലെന്നാണ് പരാതി.യാത്രക്കാരുടെ പരാതികൾ ഉയർന്നുവന്ന സാഹചര്യത്തിൽ കൂടുതൽ സൗകര്യപ്രദമായ എ.സി. ഇക്കോണമി കോച്ചുകളായിരിക്കും നിർമിക്കുകയെന്നും പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി അധികൃതർ അറിയിച്ചു.