ചെന്നൈ : സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നതിനുള്ള റീലിനായി വെള്ളത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തി അഭ്യാസപ്രകടനം നടത്തിയ രണ്ടുയുവാക്കൾ അറസ്റ്റിൽ.
തൂത്തുക്കുടി സാത്താങ്കുളം വാൽതുറൈ സ്വദേശി രഞ്ജിത്ത് ബാലയെയും (23) സുഹൃത്ത് ശിവകുമാറിനെയുമാണ് (21) പോലീസ് അറസ്റ്റുചെയ്തത്.
ഇവിടെയുള്ള ചതുപ്പുനിലത്തിൽ കെട്ടിക്കിടന്ന വെള്ളത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തുകയും രഞ്ജിത്ത് ബാല അതിലേക്ക് ചാടുകയുമായിരുന്നു.
പിന്നീട് നീന്തി കരയ്ക്കുകയറി. നിസ്സാര പൊള്ളലേറ്റു.
വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്നാണ് പോലീസ് കേസെടുത്തത്.
രഞ്ജിത്ത് ബാലയ്ക്കും വീഡിയോ ചിത്രീകരണത്തിന് ഒപ്പമുണ്ടായിരുന്ന ശിവകുമാർ, ഇസക്കി രാജ എന്നിവരുടെപേരിലായിരുന്നു കേസ്. ഇസക്കി രാജ ഒളിവിലാണ്.
സാഹസിക വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട യുട്യൂബറാണ് രഞ്ജിത്ത് ബാല. ഇയാളെ യുട്യൂബിൽ 22 ലക്ഷത്തിലേറെപ്പേർ പിന്തുടരുന്നുണ്ട്.
ഇതിനുമുമ്പ് കുഴിയിൽ തലകുത്തിനിന്ന് കാലുകൾമാത്രം പുറത്തുകാണുന്ന വിധത്തിൽ മണ്ണിട്ട് മൂടിയ വീഡിയോയും പ്രചരിപ്പിച്ചിരുന്നു.