ചെന്നൈ : ഒരാഴ്ചയിലേറെ നീണ്ട മലക്കംമറിച്ചിലുകൾക്കൊടുവിൽ ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കാൻ പി.എം.കെ. തീരുമാനം.
പാർട്ടിസ്ഥാപകൻ എസ്. രാമദാസിന്റെ അധ്യക്ഷതയിൽ ചേർന്ന നേതൃയോഗത്തിലാണ് അണ്ണാ ഡി.എം.കെ.യെ തള്ളി ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കാൻ തീരുമാനിച്ചത്.
സീറ്റുകൾ സംബന്ധിച്ച് അടുത്തദിവസം പ്രഖ്യാപനം നടത്തുമെന്ന് പി.എം.കെ. ജനറൽ സെക്രട്ടറി വടിവേൽ രാവണൻ അറിയിച്ചു.
ഞായാറാഴ്ച വൈകീട്ട് എടപ്പാടി പളനിസ്വാമിയുമായി നടത്തിയ ചർച്ചയെത്തുടർന്ന് അണ്ണാ ഡി.എം.കെ.യുമായി സഖ്യമുണ്ടാക്കാൻ ഏകദേശധാരണയായിരുന്നു.
എന്നാൽ, പാർട്ടിപ്രസിഡന്റ് അൻപുമണി രാമദാസിന്റെ എതിർപ്പാണ് തീരുമാനം മാറ്റാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.
ചൊവ്വാഴ്ച സേലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പ്രചാരണപരിപാടിയിൽ അൻപുമണി പങ്കെടുക്കും. ഒരാഴ്ചയിലേറെയായി അണ്ണാ ഡി.എം.കെ.യുമായും ബി.ജെ.പി.യുമായും മാറിമാറി ചർച്ചനടത്തിയതിനുശേഷമാണ് ഇപ്പോൾ തീരുമാനമെടുത്തത്.
രാജ്യസഭാസീറ്റ്, കേന്ദ്രമന്ത്രിപദവി എന്നീ ആവശ്യങ്ങൾ നിരസിച്ചതോടെ ബി.ജെ.പി.യുമായി നടത്തിവന്ന ചർച്ചകൾ നിർത്തി കഴിഞ്ഞദിവസം അണ്ണാ ഡി.എം.കെ.യുമായി വീണ്ടും ചർച്ച തുടങ്ങുകയായിരുന്നു.
പി.എം.കെ. നേതാവും സേലം വെസ്റ്റ് എം.എൽ.എ.യുമായ ആർ. അരുളാണ് ചെന്നൈയിൽ പളനിസ്വാമിയുടെ വീട്ടിലെത്തി ചർച്ച നടത്തിയത്.
ഉടൻ തീരുമാനമുണ്ടാകുമെന്നും അറിയിച്ചിരുന്നതാണ്. എന്നാൽ, ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും നിലപാട് മാറ്റി.
കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ.യും ബി.ജെ.പി.യും ഉൾപ്പെടുന്ന എൻ.ഡി.എ. സഖ്യത്തിലായിരുന്നു പി.എം.കെ. 2014-ൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മഴവിൽ സഖ്യത്തിലും പി.എം.കെ.യുണ്ടായിരുന്നു.
അന്ന് അണ്ണാ ഡി.എം.കെ.യെയും ഡി.എം.കെ.യെയും എതിർത്തുമത്സരിച്ച സഖ്യത്തിനുവേണ്ടി ധർമപുരിയിൽ അൻപുമണി രാമദാസ് വിജയിച്ചിരുന്നു.
അൻപുമണിക്ക് കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കാതെ വന്നതോടെ അധികംവൈകാതെ പി.എം.കെ. സഖ്യം വിട്ടു.
പിന്നീട് അണ്ണാ ഡി.എം.കെ.യുടെ ക്ഷണത്തെത്തുടർന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സഖ്യത്തിൽ വീണ്ടുമെത്തിയത്.