ചെന്നൈ : സിനിമ നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസിന് എതിരേയുള്ള ആരോപണങ്ങളടങ്ങുന്ന യുട്യൂബ് വീഡിയോയിലൂടെ ലഭിച്ച വരുമാനം നിക്ഷേപത്തുകയായി കെട്ടിവെയ്ക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്.
നിരീക്ഷകനും യുട്യൂബറുമായ സൗക്ക് ശങ്കറിന് ലഭിച്ച വരുമാനമാണ് കോടതിയിൽ കെട്ടിവെയ്ക്കാൻ ജസ്റ്റിസ് എൻ.സതീഷ്കുമാർ ഉത്തരവിട്ടത്.
ശങ്കറിനെതിരേ ലൈക്ക പ്രൊഡക്ഷൻസ് സമർപ്പിച്ച മാനനഷ്ട ഹർജിയെ തുടർന്നാണ് നടപടി.
അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ മറ്റുള്ളവരെ മോശമായി ചിത്രീകരിക്കാൻ യുട്യൂബർമാർക്ക് പ്രത്യേക അവകാശം ഒന്നുമില്ലെന്നും കോടതി നിരീക്ഷിച്ചു.
ലഹരികടത്തുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള പരാമർശങ്ങളാണ് ഹർജിക്ക് കാരണം. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ലൈക്ക പ്രൊഡക്ഷൻസ് ശങ്കറിനെതിരെ മാനഷ്ട ഹർജി സമർപ്പിച്ചത്.
മാർച്ച് നാലിനാണ് ഹർജിക്ക് കാരണമായ വീഡിയോ യുട്യൂബിൽ അപ്ലോഡ് ചെയ്തത്. തെളിവുകളില്ലാത്ത ആരോപണങ്ങളടങ്ങിയ വീഡിയോ ഇതിനകം ധാരാളം പേർ കണ്ടുവെന്നും കമ്പനി അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
കമ്പനിയെ മോശമായി ചിത്രീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വീഡിയോ തയ്യാറാക്കിയതെന്നും ആരോപിച്ചു.
തുടർന്ന് വീഡിയോ യുട്യൂബിൽനിന്ന് നീക്കാനും ഇതുവരെ ലഭിച്ച പണം കോടതിയിൽ കെട്ടിവെയ്ക്കാനും നിർദേശിച്ച കോടതി, ലൈക്ക പ്രൊഡക്ഷൻസിനെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നതിൽനിന്ന് ശങ്കറിനെ വിലക്കുകയും ചെയ്തു.