ബെംഗളൂരു: ദൊഡ്ഡബല്ലാപ്പൂരിലെ മൂന്ന് സ്ത്രീകളുൾപ്പെടെ നാലംഗ കുടുംബം ജോലി ചെയ്യുന്ന കോഴി ഫാമിലെ ഷെഡിൽ ഉറങ്ങുന്നതിനിടെ ശ്വാസംമുട്ടി മരിച്ചു.
കൊതുകിനെ തുരത്താൻ വിറക് കത്തിക്കുന്ന തകരപ്പാത്രത്തിൽ നിന്ന് തീ കൊളുത്തി പുകച്ച ശേഷമാണ് ഇവർ ഉറങ്ങിയത്. എന്നാൽ ഇതിൽ നിന്നും പുക ഉയരുകയും ഷെഡിന്റെ വെന്റിലേഷൻ പോയിന്റുകളെല്ലാം അടച്ചിരുന്നതിനാൽ വായുസഞ്ചാരമില്ലാത്ത സ്ഥിതിയായെന്നും ഇതോടെ ഉറക്കത്തിൽ ശ്വാസംമുട്ടി മരിച്ചതാകാമെന്നാണ് പോലീസ് സംശയം.
പശ്ചിമ ബംഗാളിലെ അലിപുർദുവാർ സ്വദേശികളായ കാലെ സരേര (60), ലക്ഷ്മി സരേര (50), ഉഷ സരേര (40), ഫൂൽ സരേര (16) എന്നിവരാണ് മരിച്ചത്. ദൊഡ്ഡബെലവംഗലയിലെ കോഴി ഫാമിൽ ജോലിക്ക് വന്നവരാണ് ഇവർ. 10 ദിവസം മുമ്പാണ് ഇവർ ഷെഡിലേക്ക് മാറിയതെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച രാവിലെ ഉടമ ഇവരെ വിളിച്ചെങ്കിലും പ്രതികരിക്കാതിരുന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. അയൽവാസികളെ വിളിച്ച് പരിശോധിക്കാൻ ആവശ്യപ്പെടുകയുംതുടർന്ന് നടത്തിയ തിരച്ചിലിൽ ഷെഡിന്റെ വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് ഇവരെ മരിച്ചനിലയിൽ കണ്ടതെന്ന് പോലീസ് പറഞ്ഞു.
പോലീസ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. അവർ അസ്വാഭാവിക മരണ രജിസ്ട്രി (യുഡിആർ) റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം മാത്രമേ മരണകാരണം സ്ഥിരീകരിക്കുകയുള്ളൂവെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.