ലൈജു തന്‍റെ ഹീറോയെ നേരില്‍ കണ്ടു, സംസാരിച്ചു, ഒപ്പം ഫോട്ടോയെടുത്തു, ഓട്ടോഗ്രാഫ് വാങ്ങി.
സിനിമ ചിത്രീകരണത്തിനായി തിരുവനന്തപുരത്ത് എത്തിയ തമിഴ് സൂപ്പര്‍താരം വിജയ്‌യെ നേരിൽ കാണണമെന്ന ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് കേശവദാസപുരം സ്വദേശിയും 25കാരനുമായ ലൈജു.
വീല്‍ചെയറില്‍ ആയതുകൊണ്ട് ഈ ജനത്തിരക്കിൽ വിജയ്‌യെ കാണാൻ പറ്റുമോയെന്ന് സംശയിച്ചിരുന്നു. സിനിമകളിലൂടെ താരത്തോട് തോന്നിയ അടങ്ങാത്ത ആരാധന മറ്റ് എല്ലാ തടസ്സങ്ങൾക്കും വഴിമാറി.
കഴിഞ്ഞ ദിവസം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ലൊക്കേഷനിലെത്തി വിജയിയെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് സുഹൃത്തും ആർട്ടിസ്റ്റുമായ കാഞ്ഞിരപ്പള്ളി സ്വദേശി അരുൺലാൽ, ലൈജുവിന്റെ ആഗ്രഹം ഇ–മെയിൽ വഴി വിജയ്‌യെ അറിയിക്കുകയായിരുന്നു.
മെയിൽ വായിച്ച വിജയ് ലൈജുവിനെ കാണാനെത്താമെന്ന് മറുപടി നൽകുകയും ചെയ്തു.
മുകളിലത്തെ നിലയിലേക്ക് കയറാൻ ബുദ്ധിമുട്ടുള്ളതു കൊണ്ട് താമസിക്കുന്ന ഹോട്ടലിന്റെ ലോബിയിലേക്ക് വിജയ് ലൈജുവിനെ കാണനെത്തി.
ഏറെ നാളായി വിജയിയെ കാണാൻ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും ആഗ്രഹം സഫലമായതിൽ സന്തോഷമുണ്ടെന്നും ലൈജു വിജയ്‌യോട് പറഞ്ഞു.