ചെന്നൈ : ബി.ജെ.പി. പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും 18 കേന്ദ്രമന്ത്രിമാരും ഏപ്രിലിൽ തമിഴകത്തെത്തുമ്പോൾ ഡി.എം.കെ. പ്രചാരണത്തിന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയെത്തും. നിലവിൽ എം.കെ. സ്റ്റാലിന്റെ പൊതുയോഗത്തിൽ മാത്രമാണ് വൻ ജനപങ്കാളിത്തം.
കേരളത്തിൽ മത്സരിക്കുന്ന രാഹുലിന് കേരളത്തോടൊപ്പം തമിഴകത്തും പ്രചാരണംനടത്താൻ പ്രയാസമുണ്ടാകില്ല. സി.പി.എം., സി.പി.ഐ. നേതാക്കളും ഇതോടൊപ്പം പ്രചാരണത്തിനിറങ്ങും. ഡി.എം.കെ. സഖ്യത്തിലെ പ്രാദേശിക ഘടകകക്ഷി നേതാക്കൾ ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കും.
പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും തമിഴകത്തെത്തുന്നത് ഇന്ത്യസഖ്യത്തിന്റെ ശക്തി ക്ഷയിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
നേതൃത്വം. പ്രചാരണത്തിലൂടെ വോട്ടിങ് ശതമാനം വർധിപ്പിക്കുകയും പാർട്ടിയെ ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം.
കേന്ദ്രസഹമന്ത്രിയായ എൽ. മുരുകനെയും ഗവർണർസ്ഥാനം രാജിവെപ്പിച്ച് തമിഴിസൈ സൗന്ദരരാജനെ രംഗത്തിറക്കിയതും കൂടുതൽ വോട്ടുനേടാനാണ്. ഇത്തവണ പ്രധാനപാർട്ടികളുടെ നേതൃത്വത്തിൽ ത്രികോണമത്സരം നടക്കുന്നതിലൂടെ ഏതാനും സീറ്റുകൾ നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.