ചെന്നൈ : സർവേയിലെ പ്രതികൂല റിപ്പോർട്ടിനെത്തുടർന്നുണ്ടായ നിരാശമൂലമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കിയതെന്നു സൂചന.
തമിഴ്നാട്ടിലെ അവസ്ഥ ബി.ജെ.പി.ക്ക് ഒട്ടും അനുകൂലമല്ലെന്ന് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ടു നൽകിയിട്ടുണ്ടെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.
സ്വകാര്യ സ്ഥാപനങ്ങളുടെ സർവേ ഫലങ്ങളും ഐ.ബി.യുടെ റിപ്പോർട്ടിലെ വിവരവും അമിത് ഷായെ നിരാശനാക്കിയിട്ടുണ്ടെന്നാണ് വിവരം.
ഏപ്രിൽ 5, 6 തീയതികളിൽ തേനി, മധുര, ശിവഗംഗ, തെങ്കാശി, കന്യാകുമാരി ലോക്സഭാ മണ്ഡലങ്ങളിൽ പ്രചാരണം നടത്താനായിരുന്നു അമിത് ഷാ തീരുമാനിച്ചിരുന്നത്.
എന്നാൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ സമയം കളയേണ്ട എന്നും പകരം മറ്റു സംസ്ഥാനങ്ങളിൽ സജീവമായി പ്രചാരണം നടത്തി വിജയസാധ്യത ഉറപ്പാക്കാമെന്ന് കരുതിയതിനാലാണ് അമിത് ഷായുടെ തമിഴ്നാട് പര്യടനം റദ്ദാക്കിയതെന്ന് അറിയുന്നു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ അമിത്ഷായെ തമിഴ്‌നാട്ടിൽ എത്തിക്കാൻ കാര്യമായ ശ്രമങ്ങൾ നടത്തുന്നുണ്ട്..
റിപ്പോർട്ട് പാർട്ടി സംസ്ഥാന വക്താവ് എ.എൻ.എസ്. പ്രസാദ് നിഷേധിച്ചു. വിജയം പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്.
അമിത് ഷാ മറ്റ് സംസ്ഥാനങ്ങളിലെ പ്രചാരണം പൂർത്തിയാക്കി ഉടൻ തമിഴ്നാട്ടിലെത്തും – അദ്ദേഹം പറഞ്ഞു.