ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അണ്ണാ ഡി.എം.കെ. യുടെ നിയന്ത്രണം ടി.ടി.വി. ദിനകരന്റെ കൈകളിൽ എത്തുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ.
തേനിയിൽ എൻ.ഡി.എ. സഖ്യത്തിന് വേണ്ടി മത്സരിക്കുന്ന ദിനകരന് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു അണ്ണാമലൈ.
എടപ്പാടി പളനിസ്വാമി അണ്ണാ ഡി.എം.കെ. യെ കരാറുകാർക്ക് നൽകിയിരിക്കുകയാണ്. എന്നാൽ പ്രവർത്തകർ ദിനകരന് ഒപ്പമാണ്. ഇത് ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വ്യക്തമാകും.
അണ്ണാ ഡി.എം.കെ. യുടെ നേതൃത്വം നേരത്തേ തന്നെ ദിനകരന് ലഭിച്ചിരുന്നുവെങ്കിൽ സ്റ്റാലിന് ഒരിക്കലും മുഖ്യമന്ത്രി സ്ഥാനം നേടാൻ സാധിക്കില്ലായിരുന്നുവെന്നും അണ്ണാമലൈ പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അണ്ണാ ഡി.എം.കെ. യുമായി സഖ്യത്തിൽ മത്സരിച്ച ബി.ജെ.പി., ദിനകരന്റെ പാർട്ടിയായ അമ്മ മക്കൾ മുന്നേറ്റ കഴകവുമായി കൈകോർക്കാൻ തയ്യാറായിരുന്നു.
എന്നാൽ പളനിസ്വാമിയുടെ എതിർപ്പിനെ തുടർന്ന് അത് നടന്നില്ല. ഇപ്പോൾ ബി.ജെ.പി. യുമായുള്ള സഖ്യം അണ്ണാ ഡി.എം.കെ. അവസാനിപ്പിച്ചതോടെയാണ് ദിനകരൻ എൻ.ഡി.എ. സഖ്യത്തിൽ എത്തിയത്.