ചെന്നൈ : ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് തമിഴ്നാടും പുതുച്ചേരിയും വിധിയെഴുതും.
തമിഴ്നാട്ടിലെ 39-ഉം പുതുച്ചേരിയിയിലെ ഒന്നും ഉൾപ്പെടെ 40 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക .
ഡി.എം.കെ. നയിക്കുന്ന ഇന്ത്യ മുന്നണിയും ബി.ജെ.പി. നയിക്കുന്ന എൻ.ഡി.എ.യും അണ്ണാ ഡി.എം.കെ.യുടെ നേതൃത്വത്തിലുള്ള സഖ്യവും ബുധനാഴ്ച സംസ്ഥാനത്തുടനീളം ശക്തമായ പ്രചാരണമാണ് നടത്തിയത്.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെയും നേതൃത്വത്തിൽ ചെന്നൈയിലും സേലത്തും റോഡ്ഷോ ഉണ്ടായിരുന്നു.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ കോയമ്പത്തൂരിലും കേന്ദ്രമന്ത്രി എൽ. മുരുകൻ നീലഗിരിയിലും പ്രചാരണം ശക്തമാക്കി.
40 സീറ്റുകളിൽ തനിച്ചുമത്സരിക്കുന്ന നാം തമിഴർ കക്ഷിക്കുവേണ്ടി സീമാനും സജീവമായിരുന്നു.
തിരുച്ചിറപ്പള്ളിയിൽ എം.ഡി.എം.കെ. സ്ഥാനാർഥി ദുരൈ വൈകോ, തേനിയിൽ അമ്മ മക്കൾ മുന്നേറ്റകഴകത്തിന്റെ ടി.ടി.വി. ദിനകരൻ, രാമനാഥപുരത്ത് മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം തുടങ്ങിയവരും പ്രചാരണം കൊഴുപ്പിച്ചു.
ഇന്ത്യ മുന്നണിയിൽ ഡി.എം.കെ.യ്ക്കൊപ്പം കോൺഗ്രസ്, സി.പി.എം., സി.പി.ഐ., എം.ഡി.എം.കെ., വി.സി.കെ., മക്കൾ നീതി മയ്യം, കൊങ്കുനാട് മക്കൾ ദേശീയ കക്ഷി, മുസ്ലിംലീഗ് എന്നിവരുണ്ട്.
ഡി.എം.കെ. 21 സീറ്റിലും കോൺഗ്രസ് ഒമ്പതിലും സി.പി.എം., സി.പി.ഐ. എന്നിവർ രണ്ടുവീതം സീറ്റുകളിലും കളത്തിലുണ്ട്.
അണ്ണാ ഡി.എം.കെ. നയിക്കുന്ന സഖ്യത്തിൽ പുതിയ തമിഴകം, എസ്.ഡി.പി.ഐ., ഡി.എം.ഡി.കെ. തുടങ്ങിയ പാർട്ടികളാണുള്ളത്.
അണ്ണാ ഡി.എം.കെ. 32 സീറ്റിലും ഡി.എം.ഡി.കെ. അഞ്ചിടങ്ങളിലുമാണ് മത്സരിക്കുന്നത്.