കൊൽക്കത്ത: മൂന്നാമത്തെ കുട്ടി പെൺകുഞ്ഞായതിന്റെ നിരാശയിൽ ഭർത്താവ് ഭാര്യയെയും കൊച്ചുകുട്ടിയെയും കീടനാശിനി കുടിപ്പിക്കാൻ നിർബന്ധിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. മനുഷ്യത്വരഹിതമായ സംഭവം പശ്ചിമ ബംഗാളിലെ മാൾഡയിൽ ആണ് നടന്നത്.
നേരത്തെ രണ്ട് പെൺമക്കളുടെ പിതാവായിരുന്ന പ്രതി, മൂന്നാമത്തെ കുട്ടി ആൺകുഞ്ഞാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നിരുന്നാലും, മൂന്നാമത്തെ കുട്ടിയും ഒരു പെൺകുട്ടിയായതോടെയാണ് പിതാവ് കൊടും ക്രൂരതയ്ക്ക് ഒരുങ്ങിയത്. ഇതുകാരണം ഭാര്യയെയും കുട്ടിയെയും കീടനാശിനി കുടിപ്പിക്കാൻ ശ്രമിച്ചു.
ആദ്യത്തെ രണ്ട് പെൺമക്കൾ അതേ ഗ്രാമത്തിൽ താമസിക്കുന്ന മുത്തശ്ശിമാരോട് വിവരം പറഞ്ഞതോടെയാണ് ദുരന്തം ഒഴിവാക്കാനായത്. യുവതിയുടെ മാതാപിതാക്കൾ നാട്ടുകാരുടെ സഹായത്തോടെ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗുരുതരമാണ്, കൂടുതൽ ചികിത്സയ്ക്കായി മാൾഡ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യുവതിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടി. എന്നാൽ, പ്രതി കുറ്റകൃത്യം നിഷേധിച്ചു. പകരം ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നു. ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായെന്നും ഇതിനെ തുടർന്നാണ് ഭാര്യ കീടനാശിനി കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതെന്നുമാൻ പ്രതിയുടെ ആരോപണം.