ചെന്നൈ : കുടിവെള്ളക്ഷാമം മുൻനിർത്തി ടാങ്കർ ലോറികളിലൂടെ വിതരണംചെയ്യുന്ന കുടിവെള്ളത്തിന്റെ അളവ് വർധിപ്പിച്ചു.
ദിവസവും ലോറികളിൽ 1,13,700 ട്രിപ്പുകൾ വഴി വെള്ളം വിതരണംചെയ്തിരുന്ന സ്ഥാനത്ത് 1,15,800 ട്രിപ്പുകൾ വെള്ളമാണ് വിതരണംചെയ്യുന്നത്.
ഇതിനായി കൂടുതൽ ലോറികൾ കുടിവെള്ളവിതരണ അതോറിറ്റി വാടകയ്ക്ക് വാങ്ങി.
കോർപ്പറേഷൻ പരിധിയിലേക്ക് കൂടുതൽ പ്രദേശങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്.
ചൂട് കൂടിയതിനാൽ നഗരത്തിൽ കുടിവെള്ളത്തിന്റെ ആവശ്യകതയും വർധിച്ചിട്ടുണ്ട്.
കോർപ്പറേഷൻ പരിധിയിലേക്ക് കൂട്ടിച്ചേർത്ത സ്ഥലങ്ങളിൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാത്തതിനാലാണ് കുടിവെള്ളവിതരണത്തിന് കൂടുതൽ ലോറികൾ വാടകയ്ക്കു വാങ്ങിയതെന്ന് കുടിവെള്ളവിതരണ അതോറിറ്റി അറിയിച്ചു.
നഗരത്തിലെ തെരുവുകളിൽ സ്ഥാപിച്ചിട്ടുള്ള ടാങ്കുകളിൽ ദിവസവും 61,000 ട്രിപ്പുകളിലായാണ് ലോറികൾ കുടിവെള്ളം നിറയ്ക്കുന്നത്. ജനുവരിയിലിത് 60,700 ട്രിപ്പുകൾമാത്രമായിരുന്നു.
അതുപോലെ പണം നൽകി കുടിവെള്ളത്തിന് ബുക്ക് ചെയ്യുന്ന സ്ഥാപനങ്ങളുടെയും ഫ്ളാറ്റുകളുടെയും എണ്ണം 30,000 ആയി ഉയർന്നു.
ഇതുകൂടാതെ കുടിലുകളിൽ താമസിക്കുന്നവർക്ക് നേരിട്ടും ദിവസവും ലോറികളിൽ കുടിവെള്ളം വിതരണംചെയ്യുന്നുണ്ട്.
നഗരത്തോടു കൂട്ടിച്ചേർത്ത ഭാഗങ്ങളിൽ റോഡ് അരികുകളിൽ സ്ഥാപിച്ചിട്ടുള്ള ടാങ്കുകളിൽ ഒന്നിടവിട്ട ദിവസമാണ് വെള്ളം നിറയ്ക്കുന്നത്.