ചെന്നൈ: ഭക്ഷ്യവിഷബാധയേറ്റ് 14കാരി മരിച്ച സംഭവത്തിൽ തമിഴ്നാട്ടിലെ ഹോട്ടലുകളിൽ ഭക്ഷ്യവകുപ്പ് പരിശോധന നടത്തും.
നിയമലംഘകരെ കണ്ടെത്തുന്നതിന് റെയ്ഡ് നടത്താൻ സംസ്ഥാന ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ ഉത്തരവിട്ടു.
ഭക്ഷ്യസുരക്ഷാ മാർഗനിർദേശങ്ങൾ ഹോട്ടലുകൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുമെന്നും നിലവാരമില്ലാത്ത ഭക്ഷണം വിളമ്പുന്നത് ശ്രദ്ധയിൽപെട്ടാൽ പിഴ ഈടാക്കുമെന്നും മന്ത്രി പറഞ്ഞു.
മാനദണ്ഡം പാലിക്കാത്ത റെസ്റ്റോറന്റുകൾ സീൽ ചെയ്യുകയോ ലൈസൻസ് റദ്ദാക്കുകയോ ചെയ്യും.
മാതാപിതാക്കളോടും കുടുംബാംഗങ്ങളോടുമൊപ്പം ഭക്ഷണം കഴിക്കാനെത്തിയ നാമക്കൽ ജില്ലയിലെ കലൈരാസി (14) ക്ക് പരമത്തി റോഡിലെ റസ്റ്റോറന്റിൽ നിന്നും ശനിയാഴ്ച ഭക്ഷ്യ വിഷബാധയേറ്റിരുന്നു.
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി തിങ്കളാഴ്ച മരിച്ചു. തമിഴ്നാട്ടിലെ ഭക്ഷ്യവകുപ്പ് ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തുകയും 1894 കേസുകൾ ഫയൽ ചെയ്യുകയും ചെയ്തിരുന്നു.
1.55 കോടിയോളം രൂപ പിഴയിനത്തിൽ ഈടാക്കി പെൺകുട്ടിയുടെ മരണതിനിടയാക്കിയ റസ്റ്റോറന്റിൽ നിന്ന് ശേഖരിച്ച ഭക്ഷണസാമ്പിളുകളുടെ ലാബ് റിപ്പോർട്ട് ഈ ആഴ്ച അവസാനം ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു.