ചെന്നൈ : ദളിത് കോളനിയിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കിൽ ചാണകം കലക്കിയതായി കണ്ടെത്തി. സംഭവത്തിൽ പോലീസ് കേസെടുത്തു.
പുതുക്കോട്ടയ്ക്കടുത്ത ഗന്ധർവകോട്ടയിലെ ദളിത് കോളനിയിൽ സ്ഥാപിച്ച പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള കുടിവെള്ള ടാങ്കിലാണ് ചാണകം കലർത്തിയതായി കണ്ടെത്തിയത്.
കോളനിയിലെ കുട്ടികളുൾപ്പെടെ ഏതാനും പേരെ ഓക്കാനം, ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സംശയത്തെത്തുടർന്ന് കുടിവെള്ള ടാങ്ക് പരിശോധിക്കാൻ ഗ്രാമവാസികൾ തീരുമാനിച്ചു. പൈപ്പ് ലൈനിലൂടെ വിതരണം ചെയ്യുന്ന വെള്ളം മലിനമാണെന്ന് പരിശോധനയിൽ കണ്ടെത്തി.
ടാങ്കിൽ ചാണകം കലർത്തിയതായും വ്യക്തമായി.
തുടർന്ന് ഗന്ധർവകോട്ട പഞ്ചായത്ത് യൂണിയൻ പ്രസിഡന്റ് പെരിയസാമിയെ വിവരമറിയിച്ചു.
ഇതിനുപിന്നിൽ ആരാണ് പ്രവർത്തിച്ചതെന്ന് അന്വേഷിക്കുകയാണെന്നും കർശനനടപടി സ്വീകരിക്കുമെന്നും പോലീസറിയിച്ചു.