ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ താംബരം റെയിൽവേ സ്റ്റേഷനിൽ നാലുകോടി രൂപ പിടിച്ചടുത്ത കേസ് സി.ബി.സി.ഐ.ഡി.ക്ക് മാറ്റി ഡി.ജി.പി. ശങ്കർ ജിവാൽ ഉത്തരവിട്ടു.
തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെ ഏപ്രിൽ ആറിന് താംബരം റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാത്ത നാലുകോടി രൂപ പിടിച്ചെടുത്തിരുന്നു.
സംഭവത്തിൽ പിടിയിലായ മൂന്നുപേരെ ചോദ്യംചെയ്തപ്പോൾ പണം ബി.ജെ.പി. സ്ഥാനാർഥിയായ നൈനാർ നാഗേന്ദ്രന് കൈമാറാനാണ് കൊണ്ടുപോകുന്നതെന്ന് അറിയിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് താംബരം പോലീസ് രണ്ടുതവണ നൈനാർ നാഗേന്ദ്രന് സമൻസ് അയച്ചിരുന്നു.
മേയ് രണ്ടിന് ഹാജരാകുമെന്ന് നൈനാർ നാഗേന്ദ്രൻ താംബരം പോലീസിനെ അറിയിച്ചിരുന്നു.
അതിനിടയിലാണ് ഡി.ജി.പി. കേസ് സി.ബി.സി.ഐ.ഡി.ക്ക് കൈമാറിയത്. നാല് കോടിരൂപയും നൈനാർ നാഗേന്ദ്രൻ മത്സരിക്കുന്ന തിരുനെൽവേലി മണ്ഡലത്തിലെ വോട്ടർമാർക്ക് വിതരണംചെയ്യാനാണ് പണം കൊണ്ടുപോകുന്നതെന്ന് ആരോപണവും ഉയർന്നിരുന്നു.