ചെന്നൈ : വിരുദുനഗർ ജില്ലയിലെ ശിവകാശിയിൽ പടക്കശാലകളിലെ പൊട്ടിത്തെറിയിൽ കഴിഞ്ഞ 50 മാസത്തിനിടെ മരണമടഞ്ഞത് 93 പേർ. വിവരാവകാശനിയമപ്രകാരം ലഭിച്ച കണക്കുകൾ വിരുദുനഗറിലെ സന്നദ്ധസംഘടനയാണ് പുറത്തുവിട്ടത്.
2020 ജനുവരി മുതൽ 2024 ഫെബ്രുവരി വരെയുള്ള 50 മാസത്തിനിടെ 83 പടക്കശാലകളിൽ പൊട്ടിത്തെറിയുണ്ടായി. 93 പേർ മരിച്ചു.
നാലു പടക്കഫാക്ടറികൾ പൂർണമായും കത്തിനശിച്ചുവെന്നും ഇതിൽ വ്യക്തമാക്കുന്നു.
വിരുദുനഗർ ജില്ലയിൽ 1087 പടക്കനിർമാണശാലകളുണ്ട്. കൂടാതെ പടക്കങ്ങൾ വിൽക്കുന്ന 2963 കടകളുണ്ടെന്നും ജില്ലാഭരണകൂടം വിശദീകരിച്ചു.
അമ്പതിനായിരത്തിലധികം തൊഴിലാളികൾ നേരിട്ടും അല്ലാതെയും പടക്കശാലകളിൽ ജോലിചെയ്യുന്നുണ്ട്.
ദുരന്തത്തിൽ അകപ്പെട്ടവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായങ്ങൾ ലഭിച്ചോ, നിയമലംഘനം നടത്തിയതിന്റെ പേരിൽ എത്ര ഫാക്ടറികൾ പൂട്ടി തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടിനൽകാൻ ജില്ലാഭരണകൂടം തയ്യാറായില്ല.
പടക്കനിർമാണശാലകളിൽ കൃത്യമായി പരിശോധന നടത്താതെ അധികൃതർ അലംഭാവം കാട്ടുന്നതായി വ്യാപകമായി ആക്ഷേപമുണ്ട്.
ശിവകാശിയിൽ 1960-കളിൽ ആരംഭിച്ചതാണ് പടക്കവ്യവസായം. രാജ്യത്തെ 90 ശതമാനം പടക്കങ്ങളും ഇവിടെനിന്നാണ് തയ്യാറാക്കിനൽകുന്നത്.