ചെന്നൈ : എഗ്മോറിൽ നിന്ന് ചെന്നൈ ബീച്ചിലേക്കുള്ള നാലാം റെയിൽവേട്രാക്കിന്റെ നിർമാണം ഈവർഷം ഓഗസ്റ്റിൽ പൂർത്തിയാകും.
4.3 കിലോമീറ്ററിൽ 279 കോടി രൂപ ചെലവിലാണ് നാലാം റെയിൽവേപ്പാതയുടെ നിർമാണം നടക്കുന്നത്.
നിർമാണം പൂർത്തിയായാൽ എഗ്മോർ റെയിൽവേ സ്റ്റേഷനിൽനിന്ന് ചെന്നൈ ബീച്ചുവഴി മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടുതൽ തീവണ്ടി സർവീസുകൾ നടത്താൻകഴിയും.
എഗ്മോർ-ചെന്നൈ ബീച്ച് നാലാംപാതയുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാനായി വേളാച്ചേരിയിൽനിന്ന് ചെന്നൈ ബീച്ച് വരെയുള്ള മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (എം.ആർ.ടി.എസ്.) കഴിഞ്ഞവർഷം ഓഗസ്റ്റ് 27 മുതൽ വേളാച്ചേരിയിൽനിന്ന് ചിന്താദിരിപ്പേട്ട റെയിൽവേസ്റ്റേഷൻ വരെയാക്കി ചുരുക്കിയിരുന്നു.
തുടർന്നുള്ള എം.ആർ.ടി.എസ്. സ്റ്റേഷനുകളായ ചെന്നൈ പാർക്ക് ടൗൺ, ചെന്നൈ ഫോർട്ട്, ചെന്നൈ ബീച്ച് എന്നീ സ്റ്റേഷനുകളിലേക്ക് ഇപ്പോൾ സർവീസ് നടത്തുന്നില്ല.
ഈ സ്റ്റേഷനുകൾക്ക് സമീപമായാണ് നാലാംപാതയുടെ നിർമാണം നടക്കുന്നത്. നാലാംപാതയുടെ നിർമാണം മാർച്ച് 31-ന് പൂർത്തിയാകുമെന്നാണ് പണി തുടങ്ങുമ്പോൾ അറിയിച്ചിരുന്നത്.
എന്നാൽ മാർച്ച് കഴിഞ്ഞിട്ടും പദ്ധതി പൂർത്തിയായിട്ടില്ല. ഇനിയും മൂന്ന് മാസമെടുക്കുമെന്നാണ് ദക്ഷിണ റെയിൽവേയധികൃതർ പറയുന്നത്.
നാലാം പാതയ്ക്കായുള്ള സ്ഥലമേറ്റെടുക്കുന്നതിൽ കാലതാമസമെടുത്തിരുന്നു. ഇതാണ് നിർമാണം വൈകാനുള്ള കാരണമെന്നും അധികൃതർ അറിയിച്ചു.