ചെന്നൈ : ചില യുട്യൂബ് ചാനലുകൾ സാമൂഹികശല്യമായി മാറിയിരിക്കുകയാണെന്നും നിയന്ത്രിക്കുന്നതിന് നടപടിയെടുക്കേണ്ട സമയമായെന്നും മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
വരിക്കാരെ കൂട്ടുന്നതിന് ചില യുട്യൂബ് ചാനലുകൾ അവഹേളനപരമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുകയാണ്. ഇത്തരം ചാനലുകൾ സാമൂഹികശല്യമാണ്.
അവയെ നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു -ജസ്റ്റിസ് കുമരേശ് ബാബു വാക്കാൽ അഭിപ്രായപ്പെട്ടു.
റെഡ്പിക്സ് യുട്യൂബ് ചാനലിന്റെ ഉടമയായ ഫെലിക്സ് ജെറാൾഡ് നൽകിയ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
വനിതാപോലീസുകാർക്കെതിരേ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന് അറസ്റ്റിലായി ജയിലിൽക്കഴിയുന്ന സവുക്കു ശങ്കറിന്റെ അഭിമുഖം പുറത്തുവിട്ടതിന് ഫെലിക്സ് ജെറാൾഡിന്റെപേരിൽ പോലീസ് കേസെടുത്തിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
സവുക്കു ശങ്കർ ഇത്തരം പരാമർശം നടത്തുമെന്ന് അറിഞ്ഞുതന്നെയാണ് ജെറാൾഡ് അഭിമുഖം നടത്തിയതും അത് യുട്യൂബിലൂടെ പുറത്തുവിട്ടതുമെന്ന് ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് പോലീസ് ചൂണ്ടിക്കാണിച്ചു.
അഭിമുഖം നടത്തിയയാളെയാണ് കേസിൽ ഒന്നാംപ്രതിയാക്കേണ്ടിയിരുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്തയാഴ്ചത്തേക്കു മാറ്റി.