ചെന്നൈ : സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മാതൃക പിന്തുടർന്ന് സർക്കാർകോളേജുകളിലും കാംപസ് റിക്രൂട്ട്മെന്റ് തുടങ്ങാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു.
ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകൾ കഴിഞ്ഞിറങ്ങുന്നവർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള സംവിധാനം ഈ വർഷംതന്നെ തുടങ്ങുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ അറിയിച്ചു.
ഇതിനായി സംസ്ഥാനതല തൊഴിൽമേളകൾ സംഘടിപ്പിക്കും.
തമിഴ്നാട്ടിൽ 300 ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജുകളുണ്ട്. സർക്കാർ ഉടമസ്ഥതയിൽ 41 എൻജിനിയറിങ് കോളേജുകളും 90 പോളിടെക്നിക്കുകളുമുണ്ട്.
മിക്ക സർക്കാർകോളേജുകളിലും എയ്ഡഡ് കോളേജുകളിലും പ്ലേസ്മെന്റ് സെല്ലുകളുണ്ട്. ഇവയെ ഏകോപിപ്പിച്ചുകൊണ്ടാണ് സംസ്ഥാനതല പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുക.
പ്ലേസ്മെന്റ് സെല്ലുകളുടെ ചുമതലയുള്ള പ്രൊഫസർമാരാവും വിദ്യാർഥികളെയും കമ്പനികളെയും ബന്ധപ്പെടുത്തുക.
സർക്കാർ എൻജിനിയറിങ് കോളേജുകളിലും പോളിടെക്നിക്കുകളിലും ഇപ്പോൾത്തന്നെ വാർഷിക പ്ലേസ്മെന്റ് ഡ്രൈവുകൾ നടക്കുന്നുണ്ട്.
എന്നാൽ, ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ സ്വകാര്യ സ്ഥാപനങ്ങളിലുള്ളതുപോലെ കാംപസ് റിക്രൂട്ട്മെന്റ് നടക്കുന്നില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിന് സംസ്ഥാനതലത്തിൽ പ്ലേസ്മെന്റ് സെല്ലുകളെ ഏകോപിപ്പിക്കും.
സർക്കാർകോളേജുകളിലെ വിദ്യാർഥികൾക്കായി സംസ്ഥാനതല തൊഴിൽമേളകൾ നടത്തും.