ചെന്നൈ : കോയമ്പത്തൂർ ജയിലിൽ തന്റെജീവൻ അപകടത്തിലാണെന്നും കൈ ഒടിഞ്ഞത് ജയിലിൽവെച്ചാണെന്നും യൂട്യൂബർ സവുക്ക് ശങ്കർ.
കോയമ്പത്തൂർ മെഡിക്കൽകോളേജിൽ പോലീസ് കാവലിൽ പരിശോധനയ്ക്ക് വന്നപ്പോഴാണ് ശങ്കർ മാധ്യമങ്ങളോടായി ഇക്കാര്യം വിളിച്ചുപറഞ്ഞത്.
വനിതാപോലീസിനെതിരായ അപകീർത്തിക്കേസിൽ കോയമ്പത്തൂർ സെൻട്രൽജയിലിൽ തടവിൽക്കഴിയുന്ന ശങ്കറിനെതിരേ കഴിഞ്ഞദിവസം ചെന്നൈ പോലീസ് കമ്മിഷണർ ഗുണ്ടാനിയമം ചുമത്തിയിരുന്നു.
സമാന രീതിയിലുള്ള ഒട്ടേറെ കേസുകൾ രജിസ്റ്റർചെയ്ത പശ്ചാത്തലത്തിലാണ് നടപടി. ഇതുസംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ചെന്നൈയിൽ നിന്നുള്ള പോലീസ് സംഘം കോയമ്പത്തൂർ സെൻട്രൽ ജയിലിലെത്തി ശങ്കറിന് കൈമാറി.
കോയമ്പത്തൂർ സിറ്റി സൈബർക്രൈം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജയിലിൽക്കഴിയുന്ന ശങ്കറിനെ ഹൈക്കോടതി ഉത്തരവുപ്രകാരം ചെന്നൈയിലെ ജയിലിലേക്ക് കൊണ്ടുപോയെങ്കിലും കോയമ്പത്തൂരിലും തേനിയിലും മറ്റും കൂടുതൽ കേസുകൾ ഉള്ളതിനാൽ വീണ്ടും കോയമ്പത്തൂർ ജയിലിലേക്കുതന്നെ മാറ്റിയിരുന്നു.
ഇതിനിടെ ചെന്നൈയിലും കൂടുതൽ കേസുകൾ രജിസ്റ്റർചെയ്തു. തേനിയിൽനിന്നും അറസ്റ്റ് ചെയ്ത് കൊണ്ടുവരുമ്പോൾ സംഭവിച്ച അപകടത്തിൽ ശങ്കറിന്റെ കൈക്ക് പരിക്ക് പറ്റിയിരുന്നു.
ഇതിന്റെ ചികിത്സയ്ക്കായാണ് കഴിഞ്ഞദിവസം കോയമ്പത്തൂർ മെഡിക്കൽകോളേജിൽ കൊണ്ടുവന്നത്.