ചെന്നൈ : വർഗീയത ഇളക്കിവിട്ടതുകൊണ്ട് തിരഞ്ഞെടുപ്പിൽ ഉദ്ദേശിച്ച നേട്ടമുണ്ടാക്കാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങൾ തമ്മിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കുറ്റപ്പെടുത്തി.
ബി.ജെ.പി. യുടെ വിലകുറഞ്ഞ വിഭജന തന്ത്രം വിലപ്പോവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പുപ്രചാരണ യോഗത്തിൽ ഡി.എം.കെ. യെ പരോക്ഷമായി വിമർശിച്ചുകൊണ്ട് മോദി നടത്തിയ പ്രസംഗത്തിനുള്ള മറുപടിയിലാണ് സ്റ്റാലിൻ ബി.ജെ.പി. നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചത്.
സഖ്യകക്ഷികൾ ഉത്തർപ്രദേശിനെയും സനാതനധർമ വിശ്വാസികളെയും അധിക്ഷേപിച്ചപ്പോൾ സമാജ് വാദി പാർട്ടിയും കോൺഗ്രസും മൗനത്തിലായിരുന്നു എന്നാണ് മോദി പറഞ്ഞത്.
തിരഞ്ഞെടുപ്പു വിജയത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളങ്ങളുടെയും സാങ്കല്പിക കഥകളുടെയും കെട്ടഴിച്ചു വിടുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു. ഇന്ത്യ സഖ്യത്തിലെ നേതാക്കളാരും ഉത്തർപ്രദേശിനെ അധിക്ഷേപിച്ചിട്ടില്ല. ബി.ജെ.പി. യാണ് വ്യാജവാർത്തകളിലൂടെ അതിന് ശ്രമിച്ചത്. തമിഴ്നാട്ടിൽ അതിഥി തൊഴിലാളികൾ ആക്രമിക്കപ്പെട്ടുവെന്നു പറഞ്ഞ് മനീഷ് കശ്യപിനെപ്പോലുള്ള യുട്യൂബർമാർ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചപ്പോൾ അതിനെ പിന്തുണച്ചത് ബി.ജെ.പി. യാണ്. തമിഴ്നാട് പോലീസ് അറസ്റ്റുചെയ്ത കശ്യപ് കഴിഞ്ഞമാസം ബി.ജെ.പി.യിൽ ചേരുകയുംചെയ്തു.
കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ ഒന്നും പറയാനില്ലാത്ത പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം മുന്നേറുകയാണെന്ന് മനസ്സിലാക്കിയപ്പോൾ നിത്യേനയെന്നോണം വിദ്വേഷ പരാമർശങ്ങൾ നടത്തുകയാണ്. വർഗീയ വിഭജന ശ്രമം ഏശുന്നില്ലെന്നു കണ്ടപ്പോഴാണ് സംസ്ഥാനങ്ങൾ തമ്മിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നത്. പ്രധാനമന്ത്രിയെ നിയന്ത്രിക്കേണ്ട തിരഞ്ഞെടുപ്പു കമ്മിഷൻ ഇക്കാര്യത്തിൽ മൗനം ഭജിക്കുകയാണ്. പക്ഷേ, ബി.ജെ.പി. യുടെ വിഭജന തന്ത്രങ്ങൾ ഫലിക്കില്ല. തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം വിജയിക്കും. -സ്റ്റാലിൻ പറഞ്ഞു.