ചെന്നൈ : തമിഴ്നാട്ടിൽ മൂന്നുദിവസം നീളുന്ന കാട്ടാന കണക്കെടുപ്പ് തുടങ്ങി. മുതുമല, ആനമല, സത്യമംഗലം തുടങ്ങി, സംസ്ഥാനത്തെ അഞ്ച് കടുവസങ്കേതങ്ങളുടെ പരിധിയിലും പശ്ചിമഘട്ടത്തിലെ മറ്റു വനമേഖലകളിലുമാണ് കണക്കെടുക്കുന്നത്.
ഹൊസൂർമുതൽ കന്യാകുമാരിവരെയുള്ള അതിർത്തികളിൽ സർവേ നടത്തുന്നുണ്ട്. കാട്ടാനകളുടെ സാന്നിധ്യമുള്ള വനമേഖലകളിലെ മുഴുവൻ ജീവനക്കാരും സർവേയിൽ പങ്കെടുക്കുന്നുണ്ടെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ് ആർ. റെഡ്ഡി പറഞ്ഞു.
സർവേയിൽ പങ്കെടുക്കുന്നുവർക്ക് മുതുമല കടുവസങ്കേതത്തിൽ പരിശീലനം നൽകിയിരുന്നു. വനം ജീവനക്കാർക്കുപുറമേ, പരിസ്ഥിതിരംഗത്ത് പ്രവർത്തിക്കുന്ന എൻ.ജി.ഒ.കളുടെ വൊളന്റിയർമാരും പങ്കെടുക്കുന്നുണ്ട്.
2023-ലെ കണക്കെടുപ്പുപ്രകാരം തമിഴ്നാട് വനാതിർത്തികളിൽ 2023 ആനകളുണ്ടെന്നാണ് റിപ്പോർട്ട്.
കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തികളിലുള്ള വനമേഖലയിലെ ആനകളുടെ എണ്ണം കണക്കാക്കുക പ്രയാസകരമാണെന്ന് പറയുന്നു.
ഇവിടെയുള്ള ആനകൾ മൂന്നുസംസ്ഥാനങ്ങളിലേക്കും പോകുന്നവയായതിനാൽ ഔദ്യോഗിക കണക്കിൽ ഉൾപ്പെടുത്താൻ കഴിയില്ല.