ചെന്നൈ : താംബരം മേഖലയിൽ ഇനിമുതൽ മൂന്നുദിവസം കൂടുമ്പോൾ കുടിവെള്ളം വിതരണം ചെയ്യുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.
നേരത്തേ അഞ്ചു ദിവസത്തിലൊരിക്കലാണ് ജലവിതരണം നടത്തിയിരുന്നത്. നാല് ലക്ഷത്തിലധികം ആളുകൾ മേഖലയിൽ താമസിക്കുന്നുണ്ട്. താംബരത്തെ അഞ്ചു സോണുകളിലെ 70 വാർഡുകളിലേക്കായി പ്രതിദിനം 73 ദശലക്ഷം ലിറ്റർ വെള്ളം ആവശ്യമാണ്.
60 ദശലക്ഷം ലിറ്റർ വിതരണം ചെയ്ത സ്ഥാനത്ത് ഇപ്പോൾ നാലു ദശലക്ഷം വെള്ളം കൂടി അധികമായി നൽകുന്നുണ്ടെന്നും താംബരം കോർപ്പറേഷൻ വൃത്തങ്ങൾ അറിയിച്ചു.
പ്രദേശത്തെ 18 കുഴൽക്കിണറുകളെയാണ് പ്രധാനമായും പ്രദേശവാസികൾ വെള്ളത്തിനായി ആശ്രയിച്ചിരുന്നത്. ജലവിതരണം ഉറപ്പാക്കുന്നതിനും, പാഴാകാതിരിക്കുന്നതിനും താംബരം കോർപ്പറേഷൻ 14 കുഴൽക്കിണറുകൾ നവീകരിച്ച് പൈപ്പ്ലൈനുകൾ സ്ഥാപിക്കുന്ന ജോലിയിലാണ്. കുഴൽക്കിണറുകളിലെ വെള്ളം വറ്റുന്നത് ജനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
അതിനാലാണ് പൈപ്പ് വഴിയുള്ള ജലവിതരണം വർധിപ്പിക്കുവാൻ അവർ ആവശ്യപ്പെടുന്നത്. സുസ്ഥിര പരിഹാരങ്ങളുടെയും ബദൽ ജലസ്രോതസ്സുകളുടെയും ആവശ്യകത അധികൃതരുടെ പ്രത്യേക ശ്രദ്ധയിൽപ്പെടുത്തിയതായി കൗൺസിലർ ജോതികുമാർ പറഞ്ഞു.