ചെന്നൈ : തിരുനെൽവേലി ഈസ്റ്റ് ഡി.സി.സി. പ്രസിഡന്റ് കെ.പി.കെ. ജയകുമാർ ധനസിങ്ങിന്റെ മരണത്തെക്കുറിച്ചന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സി.ഐ.ഡി. കുടുംബാംഗങ്ങളെ ചോദ്യംചെയ്തു. വരുംദിവസങ്ങളിൽ മറ്റുബന്ധുക്കളുടെ മൊഴിയെടുക്കും.
ജയകുമാറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം മൂന്നുദിവസംമുമ്പ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ഭാര്യ ജയന്തിയെയും മക്കളായ ജെബ്രിൻ, ജോ മാർട്ടിൻ, കാതറിൻ എന്നിവരേയും ആറുമണിക്കൂറോളം ചോദ്യംചെയ്തു.
നാലുപേരുടെയും മൊഴി എഴുതിവാങ്ങി. ആൺമക്കളെ വീണ്ടും ചോദ്യംചെയ്യുമെന്നാണ് അറിയുന്നത്. മറ്റുബന്ധുക്കളെയും ചോദ്യംചെയ്യും.
മൃതദേഹം കണ്ടെത്തി 20 ദിവസം പിന്നിട്ടിട്ടും ജയകുമാറിന്റേത് ആത്മഹത്യയാണോ കൊലപാതകമാണോ എന്നുപോലും സ്ഥിരീകരിക്കാൻകഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം ലോക്കൽ പോലീസിൽനിന്ന് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
മേയ് രണ്ടിനാണ് ജയകുമാറിനെ കാണാതായത്. ഇതേത്തുടർന്ന് പോലീസ് കേസ് രജിസ്റ്റർചെയ്തിരുന്നു. മേയ് നാലിന് വീടിനടുത്തുള്ള കൃഷിയിടത്തിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി.
കാലുകൾ ചേർത്തുകെട്ടിയ നിലയിലും വായിൽ മെറ്റൽ സ്ക്രബ്ബർ തിരുകിയ നിലയിലുമായിരുന്നു മൃതദേഹം. എന്നാൽ, ശരീരത്തിൽ ബലപ്രയോഗത്തിന്റെ ലക്ഷണമൊന്നും ഇല്ലായിരുന്നു.
ജയകുമാർ എഴുതിയ കത്തിൽ രാഷ്ട്രീയനേതാക്കളും ബിസിനസുകാരുമായ 32 പേരെപ്പറ്റി പറഞ്ഞിട്ടുണ്ട്. ആത്മഹത്യചെയ്തേക്കുമെന്ന സൂചനയും കത്തിലുണ്ട്. കത്തിൽ പേരുപറഞ്ഞിട്ടുള്ളവരെ പോലീസ് ചോദ്യംചെയ്തുവരുകയാണ്.