ചെന്നൈ : വേനൽ കടുത്തപ്പോൾ കോഴികൾ കൂട്ടമായി ചത്തതിന്റെ ആഘാതത്തിൽ നാമക്കലിലെ മുട്ടക്കോഴി ഫാം ഉടമകൾ. 90 ലക്ഷത്തോളം കോഴികളാണ് ചൂട് സഹിക്കാനാകാതെ ചത്തത്.
മുൻവർഷങ്ങളിലും ഇത് പതിവാണെങ്കിലും ഇത്രയുംകൂടുതൽ കോഴികളെ നഷ്ടമാകുന്നത് ആദ്യമായാണ്. ഇതോടെ പ്രതിദിന ഉത്പാദനത്തിൽ 30 ശതമാനം ഇടിവുണ്ടായി.
മഴയെത്തിയതോടെ ആശ്വാസമായെങ്കിലും വേനൽ ഏൽപ്പിച്ച പ്രതിസന്ധി ഇനിയും മറികടന്നിട്ടില്ല.
രാജ്യത്തെ പ്രധാന മുട്ട ഉത്പാദനകേന്ദ്രമാണ് തമിഴ്നാട്ടിലെ നാമക്കൽ. പ്രതിദിനം അഞ്ചുകോടി മുട്ട ഉത്പാദിപ്പിച്ച സ്ഥാനത്ത് കോഴികൾ കൂട്ടമായി ചത്തതോടെ മൂന്നരക്കോടിയായി കുറഞ്ഞു.
ഇതോടെ വിലയും കുതിച്ചുയർന്നു. മൊത്തവില 5.5 രൂപയിലേറെയായി വർധിച്ചപ്പോൾ ചില്ലറവിപണിയിൽ ഇത് ഏഴുരൂപവരെയായി.
കേരളത്തിൽ പക്ഷിപ്പനി വ്യാപിച്ചപ്പോഴും നാമക്കലിലെ ഫാമുകളിലെ കോഴികളിൽ രോഗബാധയുണ്ടായിരുന്നില്ല.
മഴയെത്തുടർന്ന് കഴിഞ്ഞയാഴ്ചകളിൽ ചൂട് കുറഞ്ഞതിന്റെ പ്രതിഫലനം ഉത്പാദനത്തിലുണ്ടായിട്ടുണ്ട്. മുട്ടവിലയും കുറഞ്ഞു.
എന്നാൽ, വേനൽ വീണ്ടും കടുക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് ആശങ്ക ഉയർത്തുന്നുണ്ട്. സംസ്ഥാനത്ത് ചൂട് ഏറ്റവുമുയരുന്ന കത്തിരിക്കാലം ചൊവ്വാഴ്ചയോടെ അവസാനിച്ചെങ്കിലും മേയ് 31-നുള്ളിൽ തമിഴ്നാട്ടിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂടുയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചത്.