ചെന്നൈ : വൈവാഹിക വെബ്സൈറ്റുകളിൽനിന്ന് വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കുന്ന സംഘം വ്യാപകമെന്ന് തമിഴ്നാട് പോലീസ്.
തട്ടിപ്പിനിരയാകാതെ ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും നിർദേശം നൽകി. വൈവാഹിക വെബ്സൈറ്റുകളിൽ രജിസ്റ്റർചെയ്തവരുടെ വിവരങ്ങളാണ് സൈബർ കുറ്റവാളികൾ അനധികൃതമായി ചോർത്തിയെടുക്കുന്നത്.
തുടർന്ന് അവരുമായി പരിചയപ്പെട്ട് ഓൺലൈനിലൂടെ പണം തട്ടിയെടുക്കുകയാണ് സംഘത്തിന്റെ രീതിയെന്ന് വെല്ലൂർ സൈബർ ക്രൈം പോലീസ് അറിയിച്ചു.
കഴിഞ്ഞ രണ്ടുമാസത്തിനിടെ വെല്ലൂരിൽമാത്രം ഇത്തരത്തിൽ നാല് തട്ടിപ്പുകേസുകളുണ്ടായി. വൈവാഹിക സൈറ്റുകളിൽനിന്ന് വിവരങ്ങൾ ചോർത്തി ഉപഭോക്താക്കളുടെ വിലാസവും ഫോൺനമ്പറും ശേഖരിച്ച് വിവാഹംകഴിക്കാനെന്ന വ്യാജേന വിളിച്ചാണ് തട്ടിപ്പുനടത്തുക.
വോയ്സ് മോഡുലേഷൻ സോഫ്റ്റ്വേർ ഉപയോഗിച്ചുമാത്രമാണ് സംസാരിക്കുക. തത്ക്ഷണസന്ദേശങ്ങൾ അയയ്ക്കുന്നതിന് മൊബൈൽ ആപ്പുകളാണ് ഉപയോഗിക്കുന്നത്.
വീഡിയോകോളുകളും വ്യക്തിഗത കൂടിക്കാഴ്ചകളും ഇവർ ഒഴിവാക്കും. തട്ടിപ്പുസംഘത്തിൽ സ്ത്രീകളും പുരുഷൻമാരുമുണ്ടെന്നാണ് കരുതുന്നത്.
വൈവാഹിക വെബ്സൈറ്റിൽ രജിസ്റ്റർചെയ്ത പുരുഷൻമാരാണ് കൂടുതലായും തട്ടിപ്പിനിരയാകുന്നത്.