ചെന്നൈ : തമിഴകത്തിൽ ഇന്ത്യസഖ്യം കരുത്ത് കാട്ടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ദേശീയതലത്തിൽ നടത്തിയ സർവേകളിൽ ചിലത് 35 സീറ്റുകൾവരെ ഇന്ത്യസഖ്യത്തിന് പ്രവചിക്കുമ്പോൾ എൻ.ഡി.എ. സഖ്യത്തിന് നാലുസീറ്റ് വരെ പ്രവചിക്കുന്നു. അതേസമയം അണ്ണാ ഡി.എം.കെ. സഖ്യം എൻ.ഡി.എ. സഖ്യത്തെക്കാൾ മോശമായ പ്രകടനമായിരിക്കും കാഴ്ചവെക്കുകയെന്നുമാണ് കണ്ടെത്തൽ.
അതേസമയം, തമിഴ്ചാനലായ തന്തി ടി.വി. നടത്തിയ സർവേയിൽ മുഴുവൻസീറ്റുകളും ഇന്ത്യസഖ്യം നേടുമെന്നാണ് പ്രവചിക്കുന്നത്.
കോയമ്പത്തൂരിലും തിരുനെൽവേലിയിലും ബി.ജെ.പി. കടുത്ത വെല്ലുവിളി ഉയർത്തിയാലും ഈ രണ്ടുസീറ്റുകളിലും ഇന്ത്യസഖ്യത്തിൽ മത്സരിച്ച ഡി.എം.കെ, കോൺഗ്രസ് സ്ഥാനാർഥികൾ വിജയിക്കുമെന്നാണ് തന്തി ടി.വി. എക്സിറ്റ് പോൾ പ്രവചനം.
കോയമ്പത്തൂരിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയും തിരുനെൽവേലിയിൽ പാർട്ടി ഉപാധ്യക്ഷൻ നൈനാർ നാഗേന്ദ്രനുമായിരുന്നു എൻ.ഡി.എ. സ്ഥാനാർഥികൾ.
കോയമ്പത്തൂരിൽ അണ്ണാമലൈ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നാണ് തന്തി ടി.വി. പറയുന്നത്.
ധർമപുരി, ചെന്നൈ സെൻട്രൽ, നീലഗിരി, രാമനാഥപുരം തേനി മണ്ഡലങ്ങളിൽ എൻ.ഡി.എ. സഖ്യം രണ്ടാംസ്ഥാനത്തായിരിക്കും.
മിക്ക മണ്ഡലങ്ങളിലും ബി.ജെ.പി. സഖ്യം 20 ശതമാനത്തോളം വോട്ട് നേടുമെന്നുമാണ് കണ്ടെത്തൽ.
രാമനാഥപുരത്ത് സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച മുൻമുഖ്യമന്ത്രി ഒ. പനീർശെൽവം രണ്ടാംസ്ഥാനത്തായിരിക്കും. ഇവിടെ ഇന്ത്യസഖ്യത്തിനായി മുസ്ലിം ലീഗ് വിജയിക്കും.