ബെംഗളൂരു: ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങാൻ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം.
പേടകത്തിന്റെ സഞ്ചാരം ഇതുവരെ പ്രതീക്ഷിച്ചത് പോലെ തന്നെയാണ് മുന്നോട്ടുപോയത്.
സോഫ്റ്റ് ലാൻഡിങ് കടമ്പ കൂടി കടന്നാൽ ദക്ഷിണധ്രുവത്തിൽ പര്യവേഷണത്തിന് ഇറങ്ങുന്ന ആദ്യ രാജ്യമാകും ഇന്ത്യ.
പേടകത്തിന്റെ പ്രവർത്തനം തൃപ്തികരമാണെന്നും, സോഫ്റ്റ് ലാൻഡിംഗിനായി സജ്ജമാണെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു.
അവസാന നിമിഷം പാളിപ്പോയ ചന്ദ്രയാൻ രണ്ടിന്റെ തോൽവിയിൽ നിന്നുകൊണ്ട് പാഠങ്ങൾ കരുത്താക്കിയാണ് മൂന്നാം ദൗത്യം.
ചന്ദ്രോപരിതലത്തിൽ പ്രതീക്ഷിച്ച പോലെ ഇറങ്ങാൻ പറ്റാതെ പോയ ലാൻഡറിന്റെ കരുത്തു കൂട്ടുക എന്നതായിരുന്നു ആദ്യ കടമ്പ.
വിക്രം ലാൻഡറിന്റെ കാലുകൾക്ക് ബലം കൂട്ടി, കൂടുതൽ സെൻസറുകൾ ഘടിപ്പിച്ച്, ചന്ദ്രോപരിതലത്തിലെ ലാൻഡിംഗ് ഏരിയയുടെ പരിധിക്കൂട്ടി അതിനു പരിഹാരം കണ്ടു.
പേടകം പകർത്തിയ ചിത്രങ്ങളും ദൃശ്യങ്ങളും ഐഎസ്ആർഒ പുറത്തുവിട്ടിരുന്നു.
ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്ററുമായി ആശയ വിനിമയ ബന്ധം സ്ഥാപിക്കാൻ പ്രതീക്ഷിച്ചതുപോലെ വിക്രം ലാൻഡറിനായി.
അതും വലിയ നേട്ടമാണ് ഐഎസ്ആർഒക്ക് നൽകിയത്.
മണിക്കൂറിൽ 6000 കിലോമീറ്റർ വേഗതയിൽ കുതിച്ചുപായുന്ന പേടകത്തിന്റെ വേഗത കുറച്ചു കൊണ്ടുവന്ന ലാൻഡറിനെ സസൂക്ഷ്മം ചന്ദ്രനിൽ ഇറക്കാനാണ് ശ്രമം.