ചെന്നൈ : ദക്ഷിണറെയിൽവേ പ്രഖ്യാപിച്ചതിനുശേഷം റദ്ദാക്കുന്ന പ്രത്യേക തീവണ്ടികളുടെ എണ്ണം കൂടുന്നു. വേണ്ടത്ര തിരക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളത്തിലേക്കുൾപ്പെടെയുള്ള തീവണ്ടികൾ റദ്ദാക്കുന്നത്.
മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കേരളത്തിലേക്ക് വൻ തിരക്കാണനുഭവപ്പെട്ടിരുന്നത്.
എന്നാൽ ആ ഘട്ടങ്ങളിൽ പ്രത്യേകതീവണ്ടികൾ അനുവദിക്കാതെ താരതമ്യേന തിരക്കുകുറഞ്ഞ ജൂൺ മാസത്തിൽ പ്രത്യേകതീവണ്ടികൾ അനുവദിച്ച് മതിയായ യാത്രക്കാരില്ലെന്നു ചൂണ്ടിക്കാട്ടി തീവണ്ടികൾ റദ്ദാക്കുകയാണിപ്പോൾ.
വണ്ടികൾ റദ്ദാക്കുന്നതിലൂടെ ഭാവിയിൽ പുതിയ തീവണ്ടികൾ കേരളത്തിന് ലഭിക്കുന്നത് ഇല്ലാതാക്കാനും റെയിൽവേയുടെ ഈ നടപടി കാരണമാവും.
തീവണ്ടികൾ പെട്ടെന്ന് റദ്ദാക്കിയതിനാൽ പ്രത്യേകവണ്ടികളിൽ സീറ്റ് ബുക്ക്ചെയ്തവർ നാട്ടിലെത്താൻ ഏറെ ബുദ്ധിമുട്ടുകയാണ്.
സെക്കന്തരബാദിൽനിന്ന് കൊല്ലത്തേക്കും തിരിച്ചും പ്രഖ്യാപിച്ച നാല് പ്രത്യേകതീവണ്ടികൾ റദ്ദാക്കി. വിശാഖപട്ടണത്തുനിന്ന് കൊല്ലത്തേക്ക് അനുവദിച്ച ഒരു പ്രത്യേകസർവീസും റദ്ദാക്കിയിരുന്നു.
ജൂൺ എട്ട്, 15, 22, 28 എന്നീ ദിവസങ്ങളിൽ പ്രഖ്യാപിച്ച കോയമ്പത്തൂർ-മംഗളൂരു-കോയമ്പത്തൂർ പ്രത്യേക തീവണ്ടിസർവീസുകളും റദ്ദാക്കിയിരുന്നു. കൊച്ചുവേളിയിൽനിന്ന് ജൂണിൽ ഹസ്രത്ത് നിസാമുദ്ദീനിലേക്കനുവദിച്ച നാല് പ്രത്യേകവണ്ടികളും റദ്ദാക്കി.
സാധാരണ കേരളത്തിലേക്കുള്ള പ്രതിദിന വണ്ടികളിലെ തിരക്കുപരിശോധിച്ചാണ് പ്രത്യേകതീവണ്ടികൾ അനുവദിക്കാറുള്ളത്. സമയം നിശ്ചയിക്കുന്നത് യാത്രക്കാർക്ക് സൗകര്യപ്രദമായരീതിയിലും.
എന്നാൽ ഇത്തരം മാനദണ്ഡങ്ങളൊന്നും പരിശോധിക്കാതെയാണ് പ്രത്യേകതീവണ്ടികൾ ഇപ്പോൾ പ്രഖ്യാപിക്കാറുള്ളതെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞദിവസം താംബരത്തുനിന്ന് മംഗളൂരുവിലേക്ക് പ്രത്യേക എ.സി. തീവണ്ടി സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. താംബരത്തുനിന്ന് വെള്ളി, ഞായർ ദിവസങ്ങളിൽ മംഗളൂരുവിലേക്കും മംഗളൂരുവിൽനിന്ന് ശനി, തിങ്കൾ ദിവസങ്ങളിൽ താംബരത്തേക്കുമാണ് പ്രത്യേകസർവീസ്.
കഴിഞ്ഞദിവസംതന്നെ ബുക്കിങ് ആരംഭിച്ചിരുന്നെങ്കിലും ഇതിലേക്ക് കൂടുതൽപേർ ബുക്കുചെയ്തിരുന്നില്ല. സ്കൂളുകളും കോളേജുകളും തുറക്കുന്ന സമയമായതിനാൽ അടുത്തയാഴ്ചകളിൽ തിരക്കുണ്ടാകാൻ സാധ്യതകുറവാണെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
കോയമ്പത്തൂർ, തിരുനെൽവേലി എന്നിവിടങ്ങളിൽനിന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് അനുവദിച്ച ഏതാനും തീവണ്ടികളും കഴിഞ്ഞദിവസങ്ങളിൽ റദ്ദാക്കിയിരുന്നു.