ചെന്നൈ : മധ്യവേനൽ അവധിക്കുശേഷം തമിഴ്നാട്ടിൽ സ്കൂളുകൾ തിങ്കളാഴ്ച തുറക്കും. ജൂൺ മൂന്നിന് തുറക്കാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ചൂടുകാരണം നീട്ടുകയായിരുന്നു. കുട്ടികളെ സ്വീകരിക്കാൻ ക്ലാസ് മുറികൾ അലങ്കരിച്ചും സമ്മാനങ്ങൾ കരുതിവെച്ചും വിദ്യാലയങ്ങൾ ഒരുങ്ങി.
ചെന്നൈയിലെ മലയാളവിദ്യാലയങ്ങൾ വിപുലമായ ചടങ്ങുകളോടെ പ്രവേശനോത്സവം നടത്തും.
കേരള വിദ്യാലയത്തിലും മലയാള വിദ്യാലയത്തിലും പാടി യു.സി.സി. കൈരളി സ്കൂളിലും, സാലിഗ്രാമം വിദ്യാക്ഷേത്രം സ്കൂളിലും എം.ഇ.എസ്. റസീന സ്കൂളിലും ഉൾപ്പെടെ വമ്പിച്ച പ്രവേശനോത്സവ ഒരുക്കങ്ങളാണ് നടത്തിയത്.
സർക്കാർ സ്കൂളുകളിൽ സ്കൂൾ തുറക്കുന്ന ദിവസം മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ജന്മദിനത്തിന്റെ ഭാഗമായി ശർക്കര പൊങ്കൽ വിതരണം ചെയ്യും.
മൂന്നിനായിരുന്നു കരുണാനിധിയുടെ ജന്മദിനമെങ്കിലും അന്ന് സ്കൂൾ തുറക്കാത്തതിനാലാണ് ശർക്കര പൊങ്കൽ വിതരണം തിങ്കളാഴ്ചത്തേക്കു മാറ്റിയത്.