തിരുവനന്തപുരം: സ്വന്തം നാട്ടിൽ നടന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ് സീരിയൽ താരവും ഇൻഫ്ലുവൻസറുമായ അമൃത നായർ.
താൻ പഠിച്ചിരുന്ന സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാൻ അതിഥിയായി ക്ഷണിക്കുകയും പിന്നീട് പരിപാടിയുടെ തലേദിവസം മന്ത്രിക്കൊപ്പം വേദിയിലിരിക്കാനുള്ള യോഗ്യതയില്ലെന്നു പറഞ്ഞ് ഒഴിവാക്കുകയും ചെയ്തുവെന്ന് അമൃത പറയുന്നു.
ആദ്യം പരിഗണന നൽകേണ്ട സ്വന്തം നാട്ടിൽ നിന്ന് തന്നെ അവഗണന നേരിട്ടതിൽ നിരാശയുണ്ടായിരുന്നെന്നും വിവരമറിഞ്ഞ് മന്ത്രി തന്നെ നേരിട്ട് വിളിച്ചു ചേർത്ത് നിർത്തിയതിൽ സന്തോഷമുണ്ടെന്നും അമൃത പറഞ്ഞു.
അമൃത സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പ്
‘ബഹുമതി, പരിഗണന അതുമല്ലെങ്കിൽ നാടൻ ഭാഷയിൽ പറഞ്ഞാൽ വില നൽകുക. എപ്പോഴാണ് ഒരു വ്യക്തിക്ക് ഇതൊക്കെ ഉണ്ടാവുന്നത്.
അവൻ അല്ലെങ്കിൽ അവൾ അവരുടെ കർമ്മ പാതയിൽ വിജയിക്കുമ്പോൾ എന്നാണ് എന്റെ വിശ്വാസം. ഞാൻ എന്ന വ്യക്തി ഒത്തിരി ഉയരങ്ങളിൽ ഒന്നും എത്തിയിട്ടില്ല എന്നിരുന്നാലും, ഞാൻ ജോലി ചെയ്യുന്ന മേഖലയിലൂടെ കുറച്ച് പേർക്കെങ്കിലും എന്നെ അറിയാമെന്ന് ഞാൻ വിശ്വസിക്കുന്നു.
ഒരു അഭിനേത്രി എന്ന നിലയിലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും എന്നെ ഇഷ്ടപ്പെടുന്നവർ ആ നിലയിൽ എന്നെ അവരുടെ കൂടെ ചേർത്ത് നിർത്തുന്നുണ്ട്.
പക്ഷേ, ആ ഒരു സ്നേഹവും പരിഗണനയും പോലും എന്റെ ജന്മനാട്ടിൽ നിന്നും എനിക്ക് കിട്ടിയില്ല എന്ന് ഓർക്കുമ്പോഴാണ് എനിക്കേറെ വിഷമം.