Read Time:1 Minute, 16 Second
ചെന്നൈ : ശിവഗംഗ ജില്ലയിലെ സിങ്കപ്പുണരിയിൽ കാളപ്പോരിനിടെ കാളയുടെ കുത്തേറ്റ് രണ്ടുപേർ മരിച്ചു. സിങ്കപ്പുണരി സ്വദേശി കിച്ചാൻ (60), മധുര മേലൂർ സ്വദേശി ശരൺ (28) എന്നിവരാണ് മരിച്ചത്.
മത്സരത്തിൽ പങ്കെടുത്ത 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജല്ലിക്കെട്ടിന്റെ വകഭേദമായ മഞ്ചുവിരട്ട് മത്സരത്തിനിടെയാണ് വിരണ്ടോടിയ കാള മത്സരത്തിൽ പങ്കെടുത്തവരെയും കാഴ്ചക്കാരെയും കുത്തിയത്.
ശരൺ സംഭവസ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കിച്ചാൻ മരിച്ചത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 300-ഓളം കാളകളെയായിരുന്നു മത്സരത്തിൽ പങ്കെടുപ്പിച്ചത്.
അനുമതിയില്ലാതെയാണ് മത്സരം സംഘടിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സംഘാടകരായ അഞ്ച് ആളുകളുടെ പേരിൽ കേസെടുത്തിട്ടുണ്ട്.