തിരുവന്തപുരം: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 24 മലയാളികള്‍ മരിച്ചതായി നോര്‍ക്ക അറിയിച്ചു. കുവൈത്തിലെ ലോക്കല്‍ ഹെല്പ് ഡെസ്കില്‍ നിന്ന് ലഭിച്ചവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നോര്‍ക്കയുടെ സ്ഥിരീകരണം. ഇതില്‍ 19 പേരെ തിരിച്ചറിഞ്ഞതായും നോര്‍ക്ക സിഇഒ പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ത്യന്‍ എംബിസിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും മലയാളികളായ ഏഴോളം പേര് ഗുരുതരാവസ്ഥയില്‍ വിവിധ ആശുപത്രികളില്‍ തുടരുകയാണെന്നും ദ്ദേഹം പറഞ്ഞു.
അതേസമയം, കുവൈത്തിലെ തീപിടിത്തത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന് ബാബു അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈത്തില്‍ എത്തുന്നത്.