ചെന്നൈ : മുംബൈയിലെ പോലീസുകാരൻ ചമഞ്ഞ് ഓൺലൈൻമാർഗത്തിൽ പണംതട്ടിയെടുത്ത രാജസ്ഥാൻസ്വദേശി അറസ്റ്റിൽ.
ചെന്നൈ കിൽപ്പോക്കിൽ താമസിക്കുന്ന അശോക് രഞ്ജിത്ത് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണംനടത്തിയ ചെന്നൈ പോലീസാണ് ജയ്പുരിൽനിന്നുള്ള വിശാൽ കുമാറിനെ പിടികൂടിയത്.
ലഹരിക്കടത്ത് ആരോപിച്ച് 15.26 ലക്ഷം രൂപയാണ് ഇയാൾ അശോകിൽനിന്ന് തട്ടിയെടുത്തത്.
കൂറിയർ സ്ഥാപനത്തിൽനിന്ന് എന്നപേരിൽ അശോകിന് മാർച്ച് 17-ന് ഫോൺകോൾ വന്നു.
അശോകിന്റെ പേരിൽ മുംബൈയിൽനിന്ന് തയ്വാനിലേക്ക് ലഹരിമരുന്ന് കൂറിയർ മുഖേന അയച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് മുംബൈ പോലീസ് അന്വേഷിക്കുന്നുണ്ടെന്നും അറിയിച്ചു.
തുടർന്ന് മുംബൈ പോലീസ് ഉദ്യോഗസ്ഥൻ എന്നപേരിൽ മറ്റൊരാൾ ഫോണിൽ സംസാരിച്ചു. അശോക് ലഹരിമരുന്നുകടത്തിയെന്നും ഉടൻ അറസ്റ്റുചെയ്യുമെന്നും പറഞ്ഞു
പോലീസുകാരൻ എന്ന് അവകാശപ്പെട്ടയാൾ വീഡിയോകോളിലൂടെ അശോകുമായി സംസാരിക്കുകയും ഒരു അക്കൗണ്ട് നമ്പറിലേക്ക് പണം അയക്കാൻ ആവശ്യപ്പെടുകയുംചെയ്തു.
രണ്ടുതവണയായി 15.26 ലക്ഷം രൂപ ഈ അക്കൗണ്ടിലേക്ക് കൈമാറി. ഈ വിവരങ്ങൾ ആർ.ബി.ഐ.യ്ക്ക് കൈമാറുമന്നും അശോകിന്റെ സ്വന്തം അക്കൗണ്ടിൽനിന്നുള്ള പണമാണെന്ന് ആർ.ബി.ഐ. സാക്ഷ്യപ്പെടുത്തിയാൽ പണംതിരികെ നൽകുമെന്നുമാണ് അറിയിച്ചിരുന്നത്. എന്നാൽ കുറേനാളുകൾ കഴിഞ്ഞിട്ടും പണം ലഭിക്കാതെവന്നതോടെ അശോക് ചെന്നൈ സിറ്റി പോലീസിൽ പരാതി നൽകുകയായിരുന്നു.
ഫോൺനമ്പർ, കമ്പ്യൂട്ടർ ഐ.പി. മേൽവിലാസം എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ജയ്പുരിലുള്ള വിശാൽ കുമാറാണ് ഇതിനുപിന്നിലെന്ന് തെളിഞ്ഞു. അവിടെയെത്തി ചെന്നൈ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ചെന്നൈയിൽ എത്തിച്ചതിനുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.