ചെന്നൈ : ടി.ടി.ഇ. ചമഞ്ഞ് യാത്രക്കാരിൽനിന്ന് പിഴ ഈടാക്കിയ മലയാളിയെ റെയിൽവേ പോലീസ് അറസ്റ്റുചെയ്തു. പാലക്കാട് തച്ചനാട്ടുകരയിലെ മണികണ്ഠനാ(30)ണ് അറസ്റ്റിലായത്.
ടി.ടി.ഇ.യുടെ യൂണിഫോം ധരിച്ച് മധുര റെയിൽവേ ഡിവിഷനിലെ ഡെപ്യൂട്ടി ടിക്കറ്റ് ഇൻസ്പെക്ടർ എന്ന ബാഡ്ജണിഞ്ഞാണ് താംബരത്തുനിന്ന് നാഗർകോവിലേക്കുള്ള അന്ത്യോദയ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ (20691) പരിശോധന നടത്തിയത്.
ടിക്കറ്റെടുത്ത യാത്രക്കാരോട് പണംതന്നാൽ ഇതേറൂട്ടിൽ മറ്റുതീവണ്ടിയിൽ സ്ലീപ്പർ കോച്ചിൽ ബർത്തുനൽകാമെന്ന് അറിയിച്ചും ഇയാൾ പണംതട്ടാനുള്ള ശ്രമംനടത്തി.
ഇതിനിടെ സംഭവമറിഞ്ഞ് അടുത്ത കോച്ചിലുണ്ടായിരുന്ന മധുര റെയിൽവേ ഡിവിഷനിലെ വനിത ടി.ടി.ഇ. മണികണ്ഠനെക്കണ്ടു. സംശയംതോന്നിയ ഇവർ ആർ.പി.എഫിനെ വിവരമറിയിക്കുകയായിരുന്നു.
മണികണ്ഠൻ റെയിൽവേ തിരിച്ചറിയൽ കാർഡ് ധരിച്ചിരുന്നില്ല. കൂടാതെ ഡെപ്യൂട്ടി ടിക്കറ്റ് ഇൻസ്പെക്ടർ സാധാരണ സ്ലീപ്പർ കോച്ചുകളിലും എ.സി. കോച്ചുകളിലുമാണ് പരിശോധന നടത്തുക.
ജനറൽ കോച്ചുകൾമാത്രമുള്ള തീവണ്ടിയാണ് അന്ത്യോദയ. പിഴ ഈടാക്കിയതിന് നൽകാൻ മണികണ്ഠന്റെ കൈവശം റെയിൽവേയുടെ റസീപ്റ്റ് ബുക്കുമുണ്ടായിരുന്നില്ല.
പകരം റെയിൽവേ റിസർവേഷൻ ഫോമിലാണ് പിഴത്തുക എഴുതിനൽകിയിരുന്നത്. ഇതാണ് വനിതാ ടി.ടി.ഇ.യ്ക്ക് സംശയമുണ്ടാകാനിടയാക്കിയത്. തുടർന്ന് ആർ.പി.എഫ്. സേനാംഗങ്ങളെത്തി മണികണ്ഠനെ റെയിൽവേ പോലീസിന് ഏല്പിച്ചു.