ചെന്നൈ : അനധികൃത മദ്യവിൽപ്പനയ്ക്ക് പോലീസ് മൗനാനുവാദം നൽകിയതാണ് കള്ളക്കുറിച്ചിയിലെ വിഷമദ്യദുരന്തത്തിന് വഴിയൊരുക്കിയതെന്ന് നാട്ടുകാരും സന്നദ്ധപ്രവർത്തകരും ആരോപിച്ചു.
വിഷമദ്യം കഴിച്ചവർ പിടഞ്ഞുവീണ് മരിക്കുന്നതിനിടയിലും ജില്ലാകളക്ടർ നിഷേധവുമായിവന്നത് ദുരന്തത്തിന്റെ വ്യാപ്തി വർധിക്കാൻ വഴിയൊരുക്കുകയുംചെയ്തു.
കള്ളക്കുറിച്ചി ജില്ലയിലെ കരുണാപുരത്ത് പോലീസ് സ്റ്റേഷനിൽനിന്ന് 500 മീറ്റർ മാത്രം അകലെയാണ് വ്യാജമദ്യവിൽപ്പന നടന്ന സ്ഥലം.
മാസങ്ങളായി ഇവിടെ അനധികൃത മദ്യവിൽപ്പന നടക്കുന്നുണ്ടെന്നും പോലീസിന്റെ അറിവോടെയാണ് അതെന്നും നാട്ടുകാർ ആരോപിച്ചു.
ആരെങ്കിലും പരാതിപ്പെട്ടാൽ കുറച്ചു ദിവസത്തേക്ക് വിൽപ്പന നിർത്തിവെക്കും. പരാതിപ്പെട്ടയാളുടെ വിവരം പോലീസു തന്നെ വിൽപ്പനക്കാരെ അറിയിക്കും. അവർ ഭീഷണിയുമായെത്തുകയും ചെയ്യും- നാട്ടുകാർ പറഞ്ഞു.
ഇന്ത്യൻനിർമിത വിദേശമദ്യത്തിന് വില കൂടുതലാണെന്നതുകൊണ്ടാണ് താഴ്ന്നവരുമാനക്കാർ വ്യാജമദ്യത്തെ ആശ്രയിക്കുന്നത്. പ്ലാസ്റ്റിക് പായ്ക്കറ്റുകളിലാക്കിയാണ് ചാരായവിൽപ്പന.
അഞ്ചുരൂപയ്ക്കുവരെ ചെറിയ പായ്ക്കറ്റ് മദ്യം ലഭിക്കും. പതിവുകാർക്കാണ് വിൽപ്പന. പതിമൂന്നും പതിനാലും വയസ്സുള്ള കുട്ടികൾക്കുവരെ ചാരായം കൊടുക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
റോന്തുചുറ്റുന്ന പോലീസുകാർ ഇടയ്ക്ക് വിൽപ്പനക്കാരെ പിടികൂടും. പണം വാങ്ങി വിട്ടയക്കുകയും ചെയ്യും. ഇരുചക്രവാഹനത്തിലെത്തി വീടുകളിൽ ചാരായം നൽകുന്നയാളുടെ വീഡിയോദൃശ്യം ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ചൊവ്വാഴ്ച വൈകീട്ട് വ്യാജമദ്യം കഴിച്ചവരിൽ ചിലർ ബുധനാഴ്ച രാവിലെ മരിച്ചു വീണപ്പോഴും ജില്ലാകളക്ടർ ശ്രാവൺകുമാർ അതു നിഷേധിക്കുകയാണ് ചെയ്തത്.
മരിച്ചത് വിഷമദ്യം കാരണമാണ് എന്നതിന് തെളിവില്ലെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. മദ്യപിച്ചവർ ആശുപത്രിയിലെത്തുന്നത് വൈകാനും കൂടുതൽപേർ ഇതേമദ്യം കഴിക്കാനും ഈ പ്രസ്താവന കാരണമായി.
സർക്കാരിനെ രക്ഷിക്കാനാണ് കളക്ടർ നിഷേധക്കുറിപ്പ് ഇറക്കിയതെന്നാണ് പ്രതിപക്ഷം പറയുന്നത്. കളക്ടറെ ഉടൻ സ്ഥലംമാറ്റി സർക്കാർ മുഖം രക്ഷിച്ചെങ്കിലും അപ്പോഴേക്കും മരണസംഖ്യ കുതിച്ചുയർന്നിരുന്നു.