ചെന്നൈ : കള്ളക്കുറിച്ചി മദ്യദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ പഠനച്ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.
അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട കുട്ടികളുടെപേരിൽ അഞ്ചുലക്ഷം രൂപ നിക്ഷേപിക്കും. മാതാപിതാക്കളിൽ ഒരാളെ നഷ്ടമായവരുടെ പേരിൽ മൂന്നുലക്ഷം നിക്ഷേപിക്കും.
മദ്യദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന് 10 ലക്ഷം രൂപവീതം നൽകുമെന്ന് സംസ്ഥാന സർക്കാർ വ്യാഴാഴ്ച അറിയിച്ചിരുന്നു. അതിനു പുറമേയാണ് മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്കുള്ള സഹായം. അനാഥരായ കുട്ടികളുടെ പഠനച്ചെലവിനായ് മാസം 5,000 രൂപവീതം നൽകും.
ഇവരുടെ സ്കൂൾഫീസും ഹോസ്റ്റൽ ഫീസും സർക്കാർവഹിക്കും. കുട്ടികൾ ബിരുദപഠനം പൂർത്തിയാവുന്നതുവരെ ഇതു ലഭിക്കും.
കുട്ടികൾ തയ്യാറാണെങ്കിൽ അവരെ സർക്കാരിന്റെ സംരക്ഷണ കേന്ദ്രങ്ങളിൽ പാർപ്പിക്കും. 18 വയസ്സു തികയുമ്പോൾ ലഭിക്കുന്ന രീതിയിലാണ് കുട്ടികളുടെ പേരിൽ പണം നിക്ഷേപിക്കുക.
കള്ളക്കുറിച്ചി ദുരന്തത്തിൽ 15 വയസ്സിൽ താഴെയുള്ള അഞ്ചു കുട്ടികൾക്കാണ് അച്ഛനെയും അമ്മയെയും നഷ്ടമായത്. ഇതിൽ മൂന്നുപേർ സഹോദരങ്ങളാണ്.
അച്ഛനെ നഷ്ടമായ കുട്ടികളുടെഎണ്ണം ഇതിലും എത്രയോ അധികമാണ്.