ചെന്നൈ : സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ അലഞ്ഞുനടക്കുന്ന കന്നുകാലികൾ ആളുകൾക്ക് നേരേ നടത്തുന്ന ആക്രമണം തുടരുന്നു. തിരുനെൽവേലിയിൽ പശുവിന്റെ കുത്തേറ്റ് റോഡിലേക്ക് വീണ ഇരുചക്രവാഹന യാത്രക്കാരൻ ബസിനടിയിൽപ്പെട്ട് മരിച്ചു.
വണ്ണാരപ്പേട്ട ബൈപ്പാസിൽ നടന്ന സംഭവത്തിൽ തിരുനെൽവേലി ജില്ലാ കോടതി ജീവനക്കാരൻ വേലായുധരാജാണ് (58) മരിച്ചത്. റോഡിൽ രണ്ട് പശുക്കൾ തമ്മിൽ പോരാടിക്കുന്ന സമയത്ത് അതുവഴി വന്ന വേലായുധരാജിനെ ഒരു പശുആക്രമിക്കുകയായിരുന്നു.
ഇരുചക്രവാഹനത്തിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ വേലായുധരാജിന്റെ മുകളിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിന്നീട് പോലീസെത്തി മൃതദേഹം പാളയംകോട്ട സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ആഴ്ച ചെന്നൈയിൽ എരുമ ആക്രമിച്ചതിൽ ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്.
ആഴത്തിൽ മുറിവേറ്റ കാലിന് ശസ്ത്രക്രിയ നടത്താൻ ഒരുങ്ങുകയാണ്. ഇതിന് മുമ്പും ചെന്നൈയിൽ ഇത്തരത്തിൽ കന്നുകാലികളുടെ ആക്രമണത്തിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചിലർ മരിച്ച സംഭവവും ഉണ്ടായി.