ചെന്നൈ : കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ.ക്കുവിടണമെന്നാവശ്യപ്പെട്ട് പി.എം.കെ.യും മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. നേരത്തേ അണ്ണാ ഡി.എം.കെ. നൽകിയ ഹർജിക്കൊപ്പം ഇത് പരിഗണിക്കും.
വ്യാജമദ്യം നിർമിക്കുന്നതിനുവേണ്ട അസംസ്കൃതവസ്തുക്കൾ അയൽ സംസ്ഥാനങ്ങളിൽനിന്നാണ് വാങ്ങിയത് എന്നതുകൊണ്ട് സംസ്ഥാന പോലീസിനോ ഏകാംഗ കമ്മിഷനോ വിശദമായ അന്വേഷണംനടത്താൻ കഴിയില്ലെന്ന് പി.എം.കെ.യുടെ അഭിഭാഷകൻ കെ. ബാലു നൽകിയ പൊതുതാത്പര്യ ഹർജിയിൽ പറയുന്നു.
മദ്യദുരന്തത്തിന്റെ കാര്യം കള്ളക്കുറിച്ചി കളക്ടർ ആദ്യം മറച്ചുവെച്ചത് സംസ്ഥാന സർക്കാരിന്റെ താത്പര്യപ്രകാരമാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സി.ബി.ഐ. അന്വേഷണമാണ് ഉചിതമെന്നാണ് ഹർജിക്കാരന്റെ വാദം.
ആക്ടിങ് ചീഫ് ജസ്റ്റിസ് ആർ. മഹാദേവനും ജസ്റ്റിസ് മുഹമ്മദ് ഷഫീഖുമടങ്ങുന്ന ബെഞ്ചാണ് ചൊവ്വാഴ്ച ഹർജി പരിഗണിച്ചത്. സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ. നേതാവ് ഐ.എസ്. ഇമ്പദുരൈ നൽകിയ ഹർജിയോടൊപ്പം പരിഗണിക്കാനായി ഇത് മാറ്റിവെച്ചു.
തമിഴ്നാട്ടിൽ കഴിഞ്ഞവർഷമുണ്ടായ മദ്യദുരന്തങ്ങളിൽ സർക്കാർ കർശന നടപടിയെടുത്തിരുന്നെങ്കിൽ കള്ളക്കുറിച്ചിയിലെ വിഷമദ്യദുരന്തം ഒഴിവാക്കാനാകുമായിരുന്നെന്ന് അണ്ണാ ഡി.എം.കെ.യുടെ ഹർജി പരിഗണിക്കവേ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു.
കള്ളക്കുറിച്ചിയിലെ ദുരന്തം എങ്ങനെയുണ്ടായെന്നും എന്തൊക്കെ നടപടിയെടുത്തെന്നും ബോധിപ്പിക്കാൻ കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.