ചെന്നൈ : മദ്യപിക്കുന്നതിനിടയിലുണ്ടായ കൈയേറ്റത്തെത്തുടർന്നുള്ള വൈരാഗ്യത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ രണ്ടുയുവാക്കൾ അറസ്റ്റിൽ.
മറൈമലൈ നഗറിൽ താമസിച്ചിരുന്ന ടി. വിഘ്നേശിനെ (26) കൊലപ്പെടുത്തിയ വിശ്വനാഥൻ (23), ബിഹാർ സ്വദേശി ദിൽഖുഷ് കുമാർ (22) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്തയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഷോളിങ്കനല്ലൂരിലുള്ള ഐ.ടി. കമ്പനിയിൽ ജീവനക്കാരനായിരുന്ന വിഘ്നേശിനെ കഴിഞ്ഞ ഒരാഴ്ചയിലേറെയായി കണാനില്ലായിരുന്നു.
വീട്ടുകാരുടെ പരാതിയെത്തുടർന്ന് മറൈമലൈ നഗർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തായ വിശ്വനാഥൻ പിടിയിലായത്.
വിഘ്നേശിന്റെ മൊബൈൽ ഫോണിലേക്ക് അവസാനമായി വിളിച്ചത് വിശ്വനാഥനാണെന്നു കണ്ടെത്തിയതോടെയാണ് ഇയാളെ ചോദ്യംചെയ്തത്. ആദ്യം കുറ്റംനിഷേധിച്ചെങ്കിലും പിന്നീട് സമ്മതിച്ചു.
വിഘ്നേശും വിശ്വനാഥനും ദിൽഖുഷ് കുമാറും കഴിഞ്ഞിടയ്ക്ക് ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്നു. അപ്പോൾ വിഘ്നേശും ദിൽഖുഷ്കുമാറുംതമ്മിൽ തർക്കമുണ്ടായി.
ഇതിനിടെ വിഘ്നേശ്, ദിൽഖുഷ് കുമാറിനെ മർദിച്ചു. ഇതിന്റെ വൈരാഗ്യത്തെത്തുടർന്നാണ് വിശ്വനാഥനും ദിൽഖുഷ് കുമാറുംചേർന്ന് വിഘ്നേശിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്.
മദ്യപിക്കുന്നതിനായി വിളിച്ചുവരുത്തിയതിനുശേഷം കുത്തിക്കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹം മറൈമലൈ നഗറിലുള്ള തടാകക്കരയിൽ കുഴിച്ചിടുകയായിരുന്നു.